vadanapally-iunction
വാടാനപ്പിള്ളി സെന്റർ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി കാനകൾ സംരക്ഷിച്ച് നടപ്പാതയുടെ വശം കൈവരി തീർത്തപ്പോൾ

വാടാനപ്പള്ളി: ജംഗ്ഷനിൽ ഇനി തടസങ്ങളില്ല. റോഡ് മുറിച്ച് കടക്കലെന്ന പേടിസ്വപ്നവും വാഹനങ്ങൾ അപകടത്തിൽപെടുന്നതുമെല്ലാം ഇനി ഓർമ്മയായേക്കും. ഒരു കോടിയോളം രൂപ ചെലവ് ചെയ്ത് വാടാനപ്പിള്ളി സെന്റർ സൗന്ദര്യവത്കരിക്കുന്ന നടപടി പൂർത്തിയാവുകയാണ്. സി.എൻ ജയദേവൻ എം.പിയായിരിക്കേ അനുവദിച്ച 30 ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്ന് മുരളി പെരുനെല്ലി നൽകിയ 50 ലക്ഷവും പഞ്ചായത്ത് ഫണ്ടും കൂടി ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ഭരണ സമിതി വാടാനപ്പിള്ളി ജംഗ്ഷൻ നവീകരിച്ചത്. ചിലങ്ക സെന്റർ മുതൽ വാടാനപ്പിള്ളി വടക്കേ അപകട വളവ് വരെ ദേശീയ പാതയുടെ ഇരുവശങ്ങളിലും തൃശൂർ റോഡിൽ ആൽമാവ് ജംഗ്ഷൻ വരെയും ഉള്ള ഓടകൾ സംരക്ഷിച്ച് തറയോടുകൾ വിരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.

ഇത് നടപ്പാതകളാക്കി തിരിച്ച് സ്റ്റീൽ കൈവരികളും സ്ഥാപിക്കുന്നുണ്ട്. ഓടകൾ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയും ഉയരം കൂട്ടിയുമാണ് സംരക്ഷിക്കുന്നത്. ഓടകളിലേയ്ക്ക് ചില സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്ഥാപിച്ച മാലിന്യ പൈപ്പുകൾ പഞ്ചായത്ത് നേരത്തെ നീക്കം ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളിൽ കാനകളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഒഴുക്കിവിട്ടിരുന്ന സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ വരവിന് തടയിടാനാകുമെന്നതാണ് ഈ കാന സംരക്ഷണത്തിന്റെ ഏറ്റവും വലിയ നേട്ടം.

മുൻ ഭരണ സമിതിയുടെ കാലത്ത് കക്കൂസ് മാലിന്യം ഓടകളിൽ നിറഞ്ഞ് പുറത്തേക്കൊഴുകിയിരുന്നു. നിരവധി പ്രതിഷേധങ്ങൾക്ക് ഇത് വഴിവച്ചു. വാടാനപ്പിള്ളി ജംഗ്ഷനിൽ ദേശീയ പാതയും തൃശൂർ റോഡും സംഗമിക്കുന്നിടത്ത് വാഹനാപകടങ്ങളും തുടർക്കഥകളാണ്. റോഡ് മുറിച്ച് കടക്കാൻ ആളുകൾ എറെ പ്രയാസപ്പെട്ടിരുന്നു. ഇതിനു പരിഹാരമായേക്കാവുന്ന വിധം സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. പഞ്ചായത്ത് ഓഫീസ് നവീകരണത്തിലൂടെ ഓഫീസിന്റെ മുഖച്ഛായ തന്നെ മാറി. നേരത്തെ ഓഫീസ് ഏതെന്ന് തിരിച്ചറിയാൻ ദൂരെ നിന്നും വരുന്നവർ ബുദ്ധിമുട്ടിയിരുന്നു. കൂടാതെ രാത്രിയും പകലും പെട്ടെന്ന് ശ്രദ്ധയിൽപെടാവുന്ന വിധം നെയിം ബോർഡും സ്ഥാപിച്ചു. സൗന്ദര്യവത്കരണം ഈ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി പറഞ്ഞു.