തൃപ്രയാർ: വലപ്പാട് കുരിശുപള്ളി വളവിൽ ചരക്കുലോറി ബൈക്കിലിടിച്ച് നാമക്കൽ സ്വദേശികളായ ദമ്പതികൾ മരിച്ചു.ബംഗാൾ തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. എടത്തിരുത്തി പൈനൂരിൽ മണപ്പുറം അഗ്രോഫാമിലെ ജീവനക്കാരായ മുള്ളുക്കുറുശിയിൽ പാലാത്തിക്കോട് വീട്ടിൽ ഇളങ്കോവൻ (40), ഭാര്യ രമ്യ എന്ന കസ്തൂരി (35) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ കർണ്ണാടക സ്വദേശി ലക്ഷ്മൺ നായ്ക്കരെ (24) പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെ ആറോടെ ഇളങ്കോവനും ഭാര്യയും ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണ്ണാടകയിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാര കയറ്റി വന്നി ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിൾ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ദമ്പതികളുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങി. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരഭാഗങ്ങൾ . ഫയർഫോഴ്‌സ് ബൈക്ക് ലോറിക്കടിയിൽ നിന്ന് എടുത്ത് റോഡ് കഴുകി വൃത്തിയാക്കി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.