manalur
മെറ്റൽ വിരിച്ച് പണിപൂർത്തിയാക്കാതെയുള്ള മണലൂർ പഞ്ചായത്ത് ആറാം വാർഡിലെ റോഡ്

കാഞ്ഞാണി : കരാറുകാർ അനിശ്ചിതകാല സമരത്തിലായതോടെ മണലൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ റോഡ് ടാറിംഗ് പൂർത്തികരിയാകാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. മൂന്ന് മാസമായി 6, 8, 15 വാർഡുകളിലാണ് പ്രധാനമായും പ്രശ്നങ്ങളുള്ളത്.
ടാറിംഗിന് മുന്നോടിയായി വലിയ മെറ്റലുകൾ വിരിച്ചിട്ടതിനാൽ നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതുവഴി ഇരുചക്രവാഹനങ്ങളോ, സൈക്കിളോ ഓടിച്ചുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടേറിയ അവസ്ഥയാണ്. കരിങ്കൽച്ചീളുകൾ ടയറിൽ കയറി ഇരുചക്രവാഹനങ്ങളും സൈക്കിളും പഞ്ചാറാക്കുന്നു. ഓട്ടോ ഈ റോഡുകളിലൂടെ പോകുവാനും തയ്യാറാകുന്നില്ല.

എന്തെങ്കിലും അസുഖമോ , അപകടങ്ങളോ സംഭവിച്ചാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടേണ്ടിവരുന്നു. ഇതേ അവസ്ഥയാണ് അന്തിക്കാട് പഞ്ചായത്ത് ഉൾപ്പെടെയുള്ള മറ്റുപല പഞ്ചായത്തുകളിലും. ചെറുകിട കരാറുകാരുടെ സംയുക്ത സമരസമിതി സമരം തുടങ്ങിയിട്ട് മൂന്ന് മാസമായി. കരാറുകാരന് നടപടി എടുക്കുന്നതിന്റെ മുന്നോടിയായി കാരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി കിട്ടിയ ശേഷം തുടർനടപടി എടുക്കുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.


..............


കരാറുകാർ സമരത്തിലാണ്. മൂന്ന് മാസമായി മെറ്റൽ വിരിച്ച് പണി പൂർത്തീകരിക്കാതെ പോയത് സമരത്തിലായതു കൊണ്ടാണ് .ജനങ്ങൾക്ക് നടന്നു പോകുവാനും വാഹനം കൊണ്ട് പോകാനും കഴിയാത്തത് സംബന്ധിച്ച് പരാതികളുണ്ട്. കരാറുകാരൻ പണി തുടങ്ങിയാലേ പരിഹാരം കാണാനാകൂ..

ഷീജ ദിനേശൻ 6-ാം വാർഡ് മെമ്പർ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണലൂർ

..............


മെറ്റൽ വിരിച്ചത് കൊണ്ട് വളരെയധികം ബുദ്ധിമുട്ടുണ്ട്. കരാറുകാർ സമരത്തിലായതിനാൽ പണി നിറുത്തി വച്ചിരിക്കുകയാണ്. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് ബദൽ സംവിധാനം ഒരുക്കണം. അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് സമരരംഗത്ത് ഇറങ്ങും.

റോബിൻ വടക്കേത്തല , പ്രതിപക്ഷനേതാവ് മണലൂർ