തൃശൂർ: എല്ലാ താലൂക്കുകളിലേക്കും വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം. ഓരോ താലൂക്കിലും ഓരോ സുഭിക്ഷ ഹോട്ടലുകളാണ് ഇതിന്റെ ഭാഗമായി ആരംഭിക്കുക. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഹോട്ടൽ പ്രവർത്തനമാരംഭിക്കാൻ അഞ്ച് ലക്ഷമാണ് താലൂക്കുകൾക്ക് അനുവദിച്ചിരിക്കുന്നത്.

അതിന് പുറമെ വരുന്ന തുകയ്ക്ക് സ്‌പോൺസർമാരെ കണ്ടെത്താമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. നിലവിൽ കയ്പമംഗലം, തൃശൂർ താലൂക്കുകളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മാർച്ച് അവസാനത്തോടെ മറ്റു താലൂക്കുകളിലും സ്ഥലം കണ്ടെത്താനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് യോഗം സിവിൽ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. തെരുവുനായ ശല്യം ഏറിവരുന്ന സാഹചര്യത്തിൽ നായ വന്ധ്യംകരണ സെന്ററുകൾ, ഡോഗ് കാച്ചേഴ്‌സ് ടീം എന്നിവ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ മുന്നോട്ട് വെച്ചു. നായകളെ വന്ധീകരിക്കുന്നതിനായി സെറം കുത്തിവയ്പ്പ് പദ്ധതിക്കായി സർക്കാരിലേക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചതായി ജില്ലാ വെറ്ററിനറി ഓഫീസറും അറിയിച്ചു. വടക്കാഞ്ചേരി ടൗണിൽ മാടക്കടയിൽ ലഹരിവിൽപനയെന്ന പരാതിയിൽ ഒരാഴ്ചക്കകം നടപടിയെടുക്കാൻ കളക്ടർ നിർദ്ദേശം നൽകി.

മറ്റ് തീരുമാനങ്ങൾ ഇവ

തീപിടിത്തം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ അടിയന്തരമായി സ്വീകരിക്കും.

വന്യജീവികളുടെ ആക്രമണത്തിൽ കൃഷിനാശവും ആൾനാശവും വർദ്ധിക്കുന്നത് തടയാൻ അടിയന്തര നടപടി

ജില്ലയിൽ മാർച്ച് മാസത്തിൽ 1300 വനഭൂമി പട്ടയങ്ങളുൾപ്പെടെ 3500 പട്ടയങ്ങൾ നൽകും.

2100 പട്ടയങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചാൽ ഈ വർഷം തന്നെ വിതരണം ചെയ്യും