തൃശൂർ: ജീവപര്യന്തം ഉൾപ്പെടെ വിവിധ ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ച് 14 വർഷം പൂർത്തിയാക്കിയ തടവുകാർക്ക് അവരുടെ സ്വഭാവം മുൻനിറുത്തി ശിക്ഷാ ഇളവ് നൽകുന്ന കാര്യം ജയിൽ ഉപദേശക സമിതിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ യാതൊരു വേർതിരിവും കാണിക്കരുത്. വിയ്യൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തിയ ശേഷമാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജുഡീഷ്യൽ അംഗം പി. മോഹനദാസും നിർദ്ദേശം നൽകിയത്. പരോൾ അനുവദിക്കുന്നതിന് കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ തടവുകാർക്കും തുല്യപരിഗണന നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രവർത്തിക്കുന്ന ജയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം.
ജനുവരി 9 നാണ് കമ്മിഷൻ വിയ്യൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തിയത്. പരോൾ ലഭിക്കുന്നില്ലെന്നാണ് തടവുകാർ പൊതുവെ ഉന്നയിച്ച പരാതി. വിവിധ കുറ്റങ്ങൾക്ക് ജീവപര്യന്തം ഉൾപ്പെടെയുള്ള വിവിധ ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവുണ്ടായിട്ടും 14 വർഷം കഴിഞ്ഞിട്ടും ജയിൽമോചിതരാക്കുന്നില്ലെന്ന് തടവുകാർ പരാതിപ്പെട്ടു. 29 വർഷമായി ജയിലിൽ കിടക്കുന്ന തടവുകാരുമുണ്ട്. ഇംഗ്ലീഷ് അറിയാത്തതിനാൽ തടവുകാർക്ക് ശിക്ഷാവിധി വായിച്ച് മനസിലാക്കാൻ കഴിയുന്നില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
മറ്റ് നിർദ്ദേശങ്ങൾ:
# തടവുകാരുടെ പരാതികൾ അയക്കുന്നതിന് നിയമ സഹായ ക്ലിനിക്കിൽ പ്രവർത്തിക്കുന്ന അഭിഭാഷകന് കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും നൽകണം.
# ശിക്ഷാവിധി തടവുകാരെ വായിച്ചു മനസിലാക്കിക്കാനും അപ്പീൽ സമർപ്പിക്കാനും നിയമ സഹായ ക്ലിനിക്കിന് കൂടുതൽ സൗകര്യം നൽകണം.
# തടവുകാർക്ക് മുടങ്ങി കിടക്കുന്ന വസ്ത്ര വിതരണം പുനരാരംഭിക്കണം.
# തടവുകാരുടെ സിവിൽ, സർവീസ് ഇനത്തിലുള്ള കേസുകൾ നടത്താൻ ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനം ഉറപ്പാക്കാനുള്ള ചുമതല നിയമസഹായ ക്ലിനിക്കിന് നൽണം.
# തടവുകാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം നൽകാനും അഭിരുചിക്കനുസരിച്ച് ഇതര തൊഴിൽ പരിശീലനം കൃത്യനിഷ്ഠയോടെ നൽകാനും നടപടിയെടുക്കണം.
# തടവുകാർക്ക് ലഹരിമുക്തി, സൽസ്വഭാവരൂപീകരണം, സാങ്കേതിക പരിജ്ഞാനം തുടങ്ങിയവ നൽകാൻ സ്ഥിരം ക്ലാസ്സുകൾ നൽകണം.
# ജയിലിനുള്ളിൽ ലഹരിവസ്തുക്കൾ, പണം, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥരോ മറ്റുള്ളവരോ മുഖേന കടത്താതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.
# ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയും ജയിൽ മേധാവിയും രണ്ട് മാസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം.