തൃശൂർ: ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച സഞ്ചരിക്കുന്ന പഴം, പച്ചക്കറി വണ്ടി അയ്യന്തോൾ കോർപറേഷൻ ഇ.കെ മേനോൻ സ്മാരക പ്രിയദർശിനി ഹാൾ പരിസരത്ത് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രാരംഭ ഘട്ടത്തിൽ നഗരപരിധിയിലെ ഫ്‌ളാറ്റുകളിലും, റെസിഡന്റ്‌സ് കോളനികളിലൂടെയും വണ്ടിയുടെ സേവനം ലഭ്യമാകും. നാല് ദിവസം വരെ കേടാകാതെ ഫ്രഷായി പച്ചക്കറികൾ ഈ വണ്ടിയിൽ സൂക്ഷിക്കാൻ കഴിയും.

സൗരോർജ്ജം വിനിയോഗിച്ചാണ് ഈ വണ്ടിയിലെ ശീതീകരണ സംവിധാനം പ്രവർത്തിക്കുക. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്റെ കീഴിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രോഡക്ട് ഡെവലെപ്‌മെന്റ് കോർപ്പറേഷനായി ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടി കൾച്ചർ റിസർച്ചാണ് വണ്ടി രൂപകൽപന ചെയ്തത്.

ഫ്‌ളാറ്റുകളിലും റെസിഡന്റ്‌സ് കോളനികളിലും മട്ടുപ്പാവിലും ഉദ്യാനങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറികളും, ഇല വർഗ്ഗങ്ങളും, കിഴങ്ങുവർഗങ്ങളും, പഴങ്ങളും വീടുകളിലെ ആവശ്യം കഴിഞ്ഞവ ഈ യൂണിറ്റ് വഴി വിൽക്കാം. ജീവനി പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറികൾ വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. വണ്ടി സഞ്ചരിക്കുന്ന വഴികൾ വാർഡ് കൗൺസിലർമാരുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കും. നഗര പരിധിയിൽ വിജയിച്ചാൽ പദ്ധതി പഞ്ചായത്ത് തലത്തിലും വിന്യസിപ്പിക്കും. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, ഹോർട്ടികോർപ് ജനറൽ മാനേജർ രജത തുടങ്ങിയവർ പങ്കെടുത്തു.