മാള: വിജ്ഞാനദായിനി സഭ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് ആയിരങ്ങളെത്തി. താലാഘോഷത്തിൽ പാളയംപറമ്പ് താലാഘോഷ സംഘം, കൊടവത്തുകുന്ന് - കോട്ടമുറി ജനകീയ താലാഘോഷം, ചക്കാംപറമ്പ് കിഴക്കുംഭാഗം ചെമ്പഴന്തി കുടുംബയോഗം, വെണ്ണൂർ - ആലത്തൂർ ജനകീയ താലാഘോഷം, കോട്ടവാതിൽ-അമ്പഴക്കാട് - അഷ്ടമിച്ചിറ ചക്കാംപറമ്പ് വടക്കുംഭാഗം ജനകീയ താലാഘോഷം, കോട്ടവാതിൽ ചക്കാംപറമ്പ് പടിഞ്ഞാറ് താലാഘോഷ സംഘം എന്നീ ദേശക്കാരുടെ പ്രത്യേക താലങ്ങൾ ക്ഷേത്രത്തിലെത്തി.
വിവിധ ദേശക്കാർ മത്സരാടിസ്ഥാനത്തിലാണ് താലാഘോഷത്തിൽ പങ്കാളികളായത്. നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും ചലിക്കുന്ന രൂപങ്ങളുടെയും തെയ്യത്തിന്റെയും നൂറുകണക്കിന് താലത്തിന്റെയും അകമ്പടിയോടെയാണ് കാവടിയാട്ടവുമായി താലാഘോഷം ക്ഷേത്രത്തിലെത്തിയത്. സഭ പ്രസിഡന്റ് എ.ആർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.സി വേണുഗോപാൽ, ജനറൽ സെക്രട്ടറി സി.ജി സുധാകരൻ, ട്രഷറർ കെ.എസ് ഷാജു എന്നിവർ നേതൃത്വം നൽകി. രാവിലെ ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, ഉച്ചയ്ക്ക് താലി സ്വീകരണം, വൈകീട്ട് കാഴ്ച ശീവേലി എന്നിവയും നടന്നു.
ആറാട്ട് എഴുന്നള്ളിപ്പിന് നിരവധി പേർ പങ്കെടുത്തു. തുടർന്ന് ആലത്തൂരിലെ ക്ഷേത്രം വക കുളത്തിൽ നടന്ന ആറാട്ട് ചടങ്ങിന് തന്ത്രി എം.എൻ നന്ദകുമാർ കാർമ്മികത്വം വഹിച്ചു. തുടർന്ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് നടന്നു. മാർച്ച് ഏഴിനാണ് പ്രസിദ്ധമായ നടതുറപ്പ് ഉത്സവം ആഘോഷിക്കുന്നത്. വൈകിട്ട് മൂന്നിന് ആചാരപ്രകാരം നടത്തി വരുന്ന ചക്രം കല്ലിലുള്ള കാവും കളവും തുടർന്ന് കലം പൂജയും തെണ്ട് വഴിപാട് സമർപ്പണവും നടക്കും.