ചാവക്കാട്: സർക്കാരിന്റെ പ്രാഥമിക ദൗത്യം ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുകയെന്നതാണെന്നും ഡൽഹിയിൽ കലാപാഹ്വാനം നടത്തിയവരെ തുറുങ്കിലടയ്ക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വർഗ്ഗീയ കലാപങ്ങൾ ഇന്ത്യയുടെ എക്കാലത്തെയും ശാപമാണ്. ഇത് വികസന സങ്കൽപങ്ങൾക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ദേശരക്ഷാ സമ്മേളനം മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ, കെ.പി.സി.സി ജന. സെക്രട്ടറി ഒ. അബ്ദു റഹ്മാൻകുട്ടി,സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് എന്നിവർ പ്രസംഗിച്ചു. സാന്ത്വനം സിറ്റി, ജീവകാരുണ്യ പദ്ധതികൾ തുടങ്ങിയ പത്ത് കോടിയുടെ പ്രൊജക്ടുകൾ കാന്തപുരം വേദിയിൽ പ്രഖ്യാപിച്ചു.