തൃശൂർ: പാതയോരത്ത് നിന്നിരുന്നയാളുടെ ബാഗിൽ നിന്ന് 1.93 കോടിയുടെ കണക്കില്ലാത്ത സ്വർണം പിടിച്ചു. മുംബയ്‌യിലുള്ള സ്വർണാഭരണ ശാലയിൽ നിന്ന് കള്ളക്കടത്തായി എത്തിച്ചതാണ് സ്വർണമെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അധികൃതർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു. സ്വരാജ് റൗണ്ടിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന 4.651 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ തൃശൂർ, കസ്റ്റംസ് പ്രിവന്റീവ് ആൻഡ് നാർക്കോട്ടിക് യൂണിറ്റ് പാലക്കാട്, കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് ചാവക്കാട് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. അസി. കമ്മിഷണർ എം.എൻ സുരേഷ്, സൂപ്രണ്ടുമാരായ പി. ഗിരീഷ് ബാബു, ഒ.എഫ് ജോസ്, കെ. നന്ദകുമാർ, പി. ഉണ്ണിക്കൃഷ്ണൻ, വി. മുരളീധരൻ, കെ.ആർ രാജി, ഇൻസ്പെക്ടർമാരായ നിഖിൽ മോഹൻ, അജിത് കുമാർ, രാജ്കുമാർ, രാജശേഖർ റെഡ്ഡി, ഹെഡ് ഹവിൽദാർമാരായ അനിൽകുമാർ, എ.ആർ പ്രദീപ് തുടങ്ങിയവരാണ് സ്വർണം പിടിച്ചെടുത്തത്.