പാലപ്പിള്ളി: ഹാരിസൺ പ്ലാന്റേഷന്റെ വലിയകുളത്തുള്ള റബ്ബർ തോട്ടം കൈയേറി കുടിൽ കെട്ടാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പുലിക്കണ്ണിയിൽ നിന്ന് ജാഥയായെത്തിയ സി.പി.ഐ (എം.എൽ) പ്രവർത്തകരെ പാലപ്പിള്ളിയിൽ പൊലീസ് തടയുകയായിരുന്നു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ, ജയകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഒറ്റമുറി പാഡികളിൽ തലമുറകളായി ദുരിത ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികൾക്ക് ഭൂമിയുടെ അവകാശം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. കുത്തക കമ്പനികൾ കൈവശപ്പെടുത്തിയ വനഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് നൽകണമെന്ന് പാർപ്പിട അവകാശ സമിതി ആവശ്യപ്പെട്ടു. സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റിയംഗം പ്രൊഫ. പി.ജെ. ജെയിംസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ രാജേഷ് അപ്പാട്ട്, ടി.കെ മുകുന്ദൻ, എൻ.ഡി വേണു എന്നിവർ സംസാരിച്ചു.