ചിറയിൻകീഴ്: ചിറയിൻകീഴിലെ ഏറ്റവും ജനസാന്ദ്രതാ പ്രദേശമായ വലിയകടയിലും സമീപ പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അനുദിനം വർദ്ധിക്കുന്നു. പത്ത് വർഷത്തിനിടയിൽ ജംഗ്ഷന് വാണിജ്യരംഗത്ത് വലിയ മാറ്റമാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ ആയിരത്തിലധികം പേരാണ് ഇതുവഴി കടന്നു പോകുന്നത്.
ചിറയിൻകീഴിൽ ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിന് ശമനം കിട്ടുമെന്ന് ആശ്വസിക്കാമെങ്കിലും ഓവർബ്രിഡ്ജിനായി ചിറയിൻകീഴ് ഗേറ്റ് സ്ഥിരമായി അടച്ചിടുമ്പോൾ വലിയകട ജംഗ്ഷൻ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും. ഗതാഗതം നിയന്ത്രിക്കാൻ മുഴുവൻ സമയ സേവനം ഉറപ്പാക്കിയും അനധികൃത പാർക്കിംഗിന് കർശന പെറ്റി നൽകിയും വാഹനങ്ങളുടെ സ്റ്റോപ്പുകൾ ജംഗ്ഷനിൽ നിന്നും അൽപ്പം മാറ്റുകയും ചെയ്താൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുപോലെ തന്നെ വലിയകട - ശാർക്കര റോഡിന്റെ വീതി കൂട്ടൽ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന പൊതുജനാഭിപ്രായവും ശക്തമാണ്. ഇപ്പോഴുള്ള ഇടുങ്ങിയ ഈ റോഡിന്റെ വീതി കൂടുമ്പോൾ തന്നെ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും മാറ്റങ്ങളുണ്ടാകും. ജംഗ്ഷനിൽ നിന്ന് ബിവറേജ് മാറ്റിയതിനാൽ വലിയകട-ശാർക്കര റോഡിൽ ഗതാഗത പ്രശ്നത്തിന് ചെറിയ ശമനം വന്നിട്ടുണ്ട്.