'എയർ ഇന്ത്യയ്ക്ക് പൂട്ടുവീഴുമ്പോൾ"എന്ന തലക്കെട്ടിലെ കേരളകൗമുദി മുഖപ്രസംഗം തികച്ചും ആനുകാലികവും പൊതുമേഖലയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവർക്കുള്ള പാഠവുമാണെന്നതിൽ സംശയമില്ല.
62000 കോടി രൂപയുടെ കടബാധ്യത എയർ ഇന്ത്യയ്ക്ക് എങ്ങനെ ഉണ്ടായി എന്നറിയാൻ ഇൗ രാജ്യത്തെ നികുതിദായകന് ന്യായമായും അവകാശമുണ്ട്. ന്യായമായ ഇൗ അവകാശം കേന്ദ്ര സർക്കാർ അനുകൂലമായി പരിഗണിക്കേണ്ടതുമാണ്. എയർ ഇന്ത്യയെപ്പോലെ മറ്റു പല പൊതുമേഖലാസ്ഥാപനങ്ങളും ആസന്നഭാവിയിൽ പൂട്ടുവീഴുന്ന പതനത്തിലെത്തി നിൽക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. യൂണിയനുകളുടെ അതിപ്രസരവും മിസ്മാനേജ്മെന്റും തലതിരിഞ്ഞ സർക്കാർ നയങ്ങളും ജീവനക്കാരുടെ പിടിപ്പുകേടും സ്ഥാപനങ്ങളടെ പതനത്തിന് കാരണമായി പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
രൂപംകൊണ്ട് രണ്ട ദശാബ്ദത്തിനുള്ളിൽ പ്രവർത്തനം നിലച്ച നാളികേര കോർപ്പറേഷന്റെ ചരിത്രം ഇതുമായി ബന്ധപ്പെട്ട് പഠിക്കേണ്ടതാണ്. കൊച്ചി ഇടപ്പള്ളിയിൽ കോർപ്പറേഷൻ മൂന്നര ഏക്കർസ്ഥലം വാങ്ങി. കൊപ്രവാങ്ങാൻ എടുത്ത വായ്പ വകമാറ്റി ചെലവിട്ടു. ഇതോടെ കോർപ്പറേഷന്റെ വർക്കിംഗ് കാപ്പിറ്റൽ ബ്ളോക്ക് ആവുകയും കമ്പനി പ്രവർത്തനം ഏതാണ്ട് നിലയ്ക്കുകയും ചെയ്തു. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വിധേയമായി സ്ഥലങ്ങൾ വാങ്ങിയതാണ് കോർപ്പറേഷന്റെ സാമ്പത്തികാടിത്തറ തകർത്തത്. അവസാനം പഴി ജീവനക്കാർക്ക്.
ഇൗ കത്തെഴുതുന്നയാൾ നാളികേര കോർപ്പറേഷന്റെ ജനനം മുതൽ മരണംവരെ നേരിൽ കണ്ട ഒരു ഉദ്യോഗസ്ഥനായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ എങ്ങനെ തകരുന്നു എന്ന് പഠിക്കാനും പഠന റിപ്പോർട്ട് നികുതിദായകനെ അറിയിക്കാനുമുള്ള ഒരു നിഷ്പക്ഷ സംവിധാനം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അഡ്വ. വക്കം ബ്രൈറ്റ്
നാലാഞ്ചിറ