കല്ലമ്പലം: പള്ളിക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയിലുള്ള കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കണമെന്നാവശ്യം അധികൃതർ അവഗണിച്ചതോടെ പുതിയ കാത്തിരിപ്പ് കേന്ദ്രത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു
അപകടാവസ്ഥയിലായ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പ്രവേശനാനുമതി നിക്ഷേധിച്ചിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കാനോ പകരം സംവിധാനമേർപ്പെടുത്താനോ നടപടിയുണ്ടായില്ല. ഇതുമൂലം ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ പൊരിവെയിലിൽ നിന്ന്‍ തളരുകയാണ്.
അടുത്തിടെ നിരവധി കാത്തിരിപ്പ് കേന്ദ്രങ്ങൾ വിവിധ സ്ഥലങ്ങളിൽ നിർമ്മിച്ചിട്ടും പള്ളിക്കലിനെ അവഗണിച്ചെന്നാണ് ആക്ഷേപം. നിലവിലെ കാലാവസ്ഥയിൽ ചൂടിന് കാഠിന്യമേറിയതോടെ സമീപത്തെ കടകളുടെ തിണ്ണകളാണ് യാത്രക്കാരുടെ ആശ്രയം. എന്നാൽ പഞ്ചായത്ത് ഫണ്ട് അപര്യാപ്തമാണെന്നും, എം.പി, എം.എൽ.എ ഫണ്ടുകൾക്കായി ശ്രമിക്കുന്നുണ്ടെന്നും അത് ലഭിച്ചാലുടൻ ഇതിനൊരു പരിഹാരം കാണുമെന്നും അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇനിയെങ്കിലും കാത്തിരിപ്പുകേന്ദ്രം യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ജനം.