ചിറയിൻകീഴ്: ചായക്കട തുറക്കാനെത്തിയ വീട്ടമ്മയെ വഴിയിൽ തടഞ്ഞ് മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം രണ്ടരപ്പവന്റെ മാലയും വില്പനയ്ക്ക് കൊണ്ടുവന്ന സാധനങ്ങളും പഴ്‌സും കവർന്നു. പെരുങ്ങുഴി മൂളച്ചിവിളാകം വീട്ടിൽ ശോഭയുടെ (47) മാലയും സാധനങ്ങളുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം വെളുപ്പിന് 3.50ന് പെരുങ്ങുഴി വൈദ്യവിളാകം ഭാഗത്താണ് സംഭവം. പെരുങ്ങുഴി മേട ജംഗ്ഷനിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് ചായക്കട നടത്തിവരികയാണ് ശോഭ. വൈദ്യവിളാകം ഭാഗത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മുഖംമൂടി ധരിച്ച രണ്ടംഗ സംഘം വാളുമായി ശോഭയെ വഴിയരികിൽ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം മാല വലിച്ചു പൊട്ടിക്കുകയും കൈയിലുണ്ടായിരുന്ന സാധനങ്ങൾ അപഹരിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ശോഭയുടെ കഴുത്തിനും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്‌തു. ഇതിനുശേഷം അക്രമിസംഘം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. 87000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശോഭ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. സമീപത്തെ വീടുകളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ച പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു.