pallickalile-anthi-chanth

കല്ലമ്പലം: കാർഷിക വ്യാപാര കേന്ദ്രമായ പള്ളിക്കലിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ചന്ത സ്ഥിതിചെയ്യുന്ന സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിനായി വഴി മാറിയതോടെ പള്ളിക്കലിലെ അന്തി ചന്ത പെരുവഴിയിലായി. ചന്തയുടെ പ്രവർത്തനം റോഡ്‌ വക്കിലായി ചുരുങ്ങിയതോടെ ജനം ബുദ്ധിമുട്ടിലായി. പഞ്ചായത്ത് ഓഫീസിന് സമീപമാണ് വർഷങ്ങളായി ചന്ത പ്രവർത്തിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ചതോടെ ചന്ത അവിടെനിന്നും മാറ്റേണ്ടി വന്നു. എന്നാൽ ചന്തയ്ക്ക് പകരം സ്ഥലം കണ്ടെത്താത്തതിനാൽ പകൽക്കുറി റോഡിന്റെ വക്കിലാണ് ഇപ്പോൾ ചന്തയുടെ പ്രവർത്തനം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം നടക്കുന്ന ചന്തയിൽ മത്സ്യം കൂടാതെ പച്ചക്കറികളും, മലഞ്ചരക്ക് വ്യാപാരങ്ങളും തകൃതിയാണ്. വിവിധയിടങ്ങളിൽ നിന്നായി ധാരാളം പേർ വിപണനത്തിനായി എത്തുന്നുണ്ട്. എന്നാൽ റോഡ്‌ വക്കിൽ പ്രവർത്തനം തുടങ്ങേണ്ടി വന്ന ചന്തയിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ വിൽക്കാനും, വാങ്ങാനും വരുന്നവർ കിലോമീറ്ററുകൾ സഞ്ചരിച്ച് പാരിപ്പള്ളിയിലോ, കല്ലമ്പലത്തോ, കിളിമാനൂരിലോ ഉള്ള ചന്തയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിൽ. പകൽക്കുറി റോഡിൽ വൈകിട്ട് 6ന് തുടങ്ങി രാത്രി 9 ന് അവസാനിക്കുന്ന ചന്തയിൽ മത്സ്യം മാത്രമായി ചുരുങ്ങിയത് നാട്ടുകാരെ വലയ്ക്കുന്നു. സമീപത്ത് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ ചന്ത മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നാടിന്റെ ചിരകാലാഭിലാഷമായ സ്റ്റേഡിയം ധാരാളം സ്പോർട്സ് പ്രേമികളുള്ള പള്ളിക്കലിന്റെ സ്വപ്നമായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെന്നും ചന്തയ്ക്കായി സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും ഉടൻ പരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അറിയിച്ചു.