പാലേട്: വേനൽ കടുത്തതോടെ ഗ്രാമീണ മേഖലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. തോടുകളും ആറും വറ്റി തുടങ്ങിയതോടു കൂടി കുടിവെള്ള സംഭരണികളിലും ജലം ലഭ്യമല്ലാത്ത നിലയിലാണ്. നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാകനിയായ് മാറിയിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലെ വാഴപ്പാറ, നാഗര, വട്ടപ്പൻകാട്, പാലുവള്ളി, വെമ്പ്, കുറുപുഴ, പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചു വിള, കുണ്ടാളംകുഴി, മാന്തുരുത്തി, പാറക്കോണം എന്നിവിടങ്ങളിലാണ് കുടിവെള്ളം ക്ഷാമം രൂക്ഷമായുള്ളത്. വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി തുടങ്ങിയിട്ടുണ്ട്. കുടിവെള്ള പൈപ്പിൽ കൂടി കുറച്ചെങ്കിലും വെള്ളം ലഭിച്ചുകൊണ്ടിരുന്നത് ഇപ്പോൾ പൂർണമായും നിലച്ചു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ പല സ്ഥലങ്ങളിലും വെട്ടിപൊളിച്ചിട്ടുണ്ട്. ഇത് ഇനിയും ശരിയാകാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറുകളിലെങ്കിലും വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.