bsnl-office

കല്ലമ്പലം: കല്ലമ്പലത്ത് ബി.എസ്.എൻ.എൽ ഓഫീസിന്റെ പ്രവർത്തനം നിലച്ചു. മേഖലയിൽ അഞ്ഞൂറോളം ടെലിഫോണുകൾ നിശ്ചലമായി. ആയിരത്തിൽപ്പരം മൊബൈൽഫോണുകൾ പരിധിക്ക് പുറത്ത്.

പുതുശ്ശേരി മുക്കിൽ മാത്രം 300 ഓളം ഫോണുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു. കൃത്യമായി ബില്ലുണ്ടെങ്കിലും പരാതി അറിയിച്ചിട്ട് യാതൊരു നടപടിയുമില്ലെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് പാവല്ല സ്വദേശിയും അദ്ധ്യാപകനുമായ സബീറും പരിസരവാസികളും അധികൃതർക്ക് പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പുതുശ്ശേരിമുക്ക് റോഡിന്റെ വീതി കൂട്ടലും വശം കോൺക്രീറ്റ് ചെയ്യലുമായി ബന്ധപ്പെട്ട് മൂന്നു മാസം മുൻപ് മണ്ണുമാന്തി ഉപയോഗിച്ചുള്ള പണികൾക്കിടയിൽ ഫോണിന്റെ കേബിളുകൾക്ക് തകരാർ സംഭവിച്ചതാണ് കാരണം.അപ്പോൾ തന്നെ കല്ലമ്പലം ബി.എസ്.എൻ.എൽ ഓഫീസിൽ അറിയിക്കാൻ ചെന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലാത്തതിനാൽ പലവട്ടം കയറി ഇറങ്ങി. ഒടുവിൽ വർക്കല ഡി.ഇ.ഒയെ അറിയിക്കാനാണ് അവിടെനിന്നും ലഭിച്ച മറുപടി. ഡി.ഇ.ഒയെ പലവട്ടം ഫോണിൽ വിവരം അറിയിക്കുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തെങ്കിലും ഇതുവരെയും നന്നാക്കിയല്ല.

മനഃപൂർവം ബി.എസ്.എൻ.എല്ലിനെ നഷ്ടത്തിലാക്കി പൂട്ടിക്കെട്ടാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഇവിടെ ശക്തമാണ്. കൃത്യമായി ബില്ലടയ്ക്കുന്നതല്ലാതെ നിലവിലുള്ള കണക്ഷനുകൾ പോലും നിറുനിർത്താനുള്ള നടപടിയില്ലാത്തത് ഉപഭോക്താക്കളോടുള്ള വെല്ലുവിളിയാണെന്നും പരാതിക്കാർ ആരോപിക്കുന്നു. ഡീസന്റ്മുക്ക്, കപ്പാംവിള, മുട്ടിയറ, കുടവൂർ, പ്രദേശങ്ങളിൽ റേഞ്ചില്ലാതെ നൂറുകണക്കിന് മൊബൈൽഫോണുകളാണ് പരിധിക്കു പുറത്തുള്ളത്.