
മലയിൻകീഴ്: വേനൽച്ചൂട് കടുത്തതോടെ കാട് വിട്ട് നാട്ടിലിറങ്ങിയ വാനര സംഘം മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട്, വെളിയംകോട്, ഉണ്ടുവെട്ടി, ചെന്നിയോട് പ്രദേശവാസികൾക്ക് തലവേദനയാകുന്നു. ആവാസ കേന്ദ്രങ്ങളിൽ വെള്ളവും ഭക്ഷണവും കിട്ടാതായതോടെയാണ് ഇവ ജനവാസകേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുന്നത്. വീടുകളിലെ വാട്ടർ ടാങ്കിന്റെ മേൽമൂടി എടുത്തുമാറ്റി കുളിച്ചും, അതിലെ വെള്ളം കുടിച്ചും, വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം അപഹരിച്ചുമാണ് കുരങ്ങന്മാർ വിലസുന്നത്. മുതിർന്ന കുരങ്ങുകൾ മുതൽ കുട്ടിക്കുരങ്ങുകൾ വരെ സംഘത്തിലുണ്ട്. ചക്കയും മരച്ചീനിയും ഇളനീരുമൊക്കെ ആവശ്യത്തിനെടുത്ത് താണ്ഡവമാടുന്ന കുരങ്ങന്മാരെ വിരട്ടിയോടിച്ചാലും കണ്ണൊന്ന് തെറ്റിയാൽ തിരിച്ചെത്തുമെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങളുടെ കുടിവെള്ളം പോലും മുട്ടിക്കുന്ന വാനരശല്യത്തിന് അറുതി വരുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കാറില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷവും പ്രദേശത്ത് കുരങ്ങുകൾ എത്തിയിരുന്നെങ്കിലും കൂട്ടമായെത്തുന്നത് ഇതാദ്യമാണ്. മേലാരിയോട് ഭാഗത്ത് തേങ്ങയും ചക്കയുമെല്ലാം നശിപ്പിക്കുന്നത് പതിവായതോടെ വാനരസംഘത്തെ തുരത്തി ഓടിച്ചെങ്കിലും വീണ്ടുമെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മൂക്കുന്നിമലയിലെ അടിവാരത്തും ഉൾക്കാടുകളിലും അധിവസിച്ചിരുന്ന വാനരന്മാരിൽ വലിയൊരു വിഭാഗം രണ്ട് വർഷം മുൻപ് അവിടെയുണ്ടായ ശക്തമായ അഗ്നിബാധയെ തുടർന്ന് നാല് കിലോമീറ്ററിനിപ്പുറമുള്ള എരുത്താവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മലഞ്ചെരുവുകളിൽ അഭയം തേടി. ഗർഭിണികൾ ഉൾപ്പെടെ ആയിരത്തിൽ പരം കുരങ്ങുകളാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള കുറ്റിക്കാടുകളിലും മരങ്ങളിലും അഭയം തേടിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും ആരും ഉപദ്രവിക്കാത്തതിനാൽ ഇപ്പോഴും കുരങ്ങുകൾ വിലസി കഴിയുകയാണിവിടെ.
ശല്യം ഇങ്ങനെ
പപ്പായ ഫലങ്ങൾ പറിച്ച് ഭക്ഷിക്കും
തെങ്ങുകളിൽ കയറി ഇളനീർ താഴേക്കെറിഞ്ഞ് പൊട്ടിച്ചു കുടിക്കും
മരച്ചീനി പിഴുതെടുത്ത് കഴിക്കും
പ്ലാവുകളിൽ നിന്നും ചക്ക അടത്തിടും
ശല്യമാകുന്നത് 40ലധികം വരുന്ന വാനരസംഘം
കുരങ്ങുകൾ കൂട്ടമായെത്തുന്നത് ഇതാദ്യം