pomkala

ചിറയിൻകീഴ്: ശാർക്കര പൊങ്കാലയ്ക്കായി നാടൊരുങ്ങി. പൊങ്കാലയ്ക്കായുളള മൺകലങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ എത്തിത്തുടങ്ങി. ഭക്തജനങ്ങൾ പൊങ്കാലക്കലങ്ങൾ വാങ്ങി ശാർക്കര അമ്മയുടെ തിരുനടയിൽ നാളെ രാവിലെ 9.45ന് പൊങ്കാല സമർപ്പിക്കാനുളള നിമിഷവും കാത്ത് വ്രതമിരിക്കുകയാണ്. പൊങ്കാലയുടെ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് തന്നെ ഇവിടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പതിനായിരക്കണക്കിന് വരുന്ന പൊങ്കാല ഭക്തർക്ക് ആവശ്യമുളള അടുപ്പുകൾ ക്ഷേത്ര ഭാരവാഹികൾ തന്നെയാണ് ഒരുക്കുന്നത്.

പൊങ്കാലയുടെ ഭാഗമായി നാളെ ചിറയിൻകീഴിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം ഭക്തരുടെ ക്രമാതീതമായ തിരക്ക് കാരണം ക്ഷേത്ര ദർശനത്തിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങൾ വടക്കേ ഭാഗത്തേ വാതിലിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും കിഴക്കേ വാതിലിലൂടെ പുറത്ത് പോകേണ്ടതുമാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശാർക്കര പറമ്പിലെ ഭദ്ര ആഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പുണ്ടായിരിക്കും.

അത്യാവശ്യഘട്ടം വന്നാൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് ക്ഷേത്ര പറമ്പിൽ പ്രവേശിക്കുന്നതിന് അനുസരിച്ചുള്ള സ്ഥലം വിട്ടാണ് പൊങ്കാല അടുപ്പുകൾ നിരത്തിയിരിക്കുന്നത്. ഈ ഭാഗത്ത് ഭക്തജനങ്ങൾ അടുപ്പുകൾ കൂട്ടുവാൻ പാടുള്ളതല്ലെന്നും ശാർക്കര - മഞ്ചാടിമൂട് ബൈപാസ് റോഡിലും ചിറയിൻകീഴ് - കടയ്ക്കാവൂർ റോഡിലും അടുപ്പുകൾ കൂട്ടാൻ പാടില്ലെന്നും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.

 ഗതാഗത നിയന്ത്രണം

രാവിലെ 6 മുതൽ വലിയകട, മഞ്ചാടിമൂട് ഗേറ്റ്, പണ്ടകശാല എന്നീ സ്ഥലങ്ങളിൽ നിന്നും ക്ഷേത്ര പറമ്പിലേയ്ക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. പണ്ടകശാല വഴി വരുന്ന വാഹനങ്ങൾ പണ്ടകശാലയിൽ ആളെയിറക്കിയ ശേഷം ആൽത്തറമൂട് - പുളിമൂട്ട് കടവ് റോഡിലും, വലിയകട വഴി എത്തുന്ന വാഹനങ്ങൾ വലിയകടയിലോ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലോ ആളെയിറക്കിയ ശേഷം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലും, മഞ്ചാടിമൂട് വഴി വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട് ഗേറ്റിന് സമീപം ആളെയിറക്കിയ ശേഷം മഞ്ചാടിമൂട്- ശാർക്കര ബൈപ്പാസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.