sark

ചിറയിൻകീഴ്: പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ അരലക്ഷത്തോളം ഭക്തജനങ്ങൾ ശാർക്കര അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ആത്മ സമർപ്പണത്തിന്റെ നിർവൃതി തേടി. കുംഭച്ചൂടിൽ ശാർക്കര പറമ്പിനെ ഭക്തർ യാഗശാലയാക്കി മാറ്റുകയായിരുന്നു. പ്രാർത്ഥനാ നിർഭരമായ മനസും വ്രതനിഷ്ടയുമായി തലേദിവസം തന്നെ പൊങ്കാല അടുപ്പുകളിൽ സ്ഥാനം പിടിച്ചവർ ഏറെയാണ്. ഇന്നലെ പുലർച്ചെ തന്നെ ശാർക്കര പറമ്പ് പൊങ്കാല ഭക്തരെക്കൊണ്ട് നിറഞ്ഞു. തുടർന്ന് വന്ന പൊങ്കാല ഭക്തർക്ക് പറമ്പിൽ പ്രവേശിക്കാനാവാതെ വലിയകട - ശാർക്കര റോഡ്, ശാർക്കര - മഞ്ചാടിമൂട് റോഡ്, ശാർക്കര - എൻ.എസ്.എസ് കരയോഗം റോഡ് എന്നിവിടങ്ങളിലും മറ്റ് ഇടറോഡുകളിലും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞു. ക്ഷേത്ര തന്ത്രി തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 9.45ന് ക്ഷേത്ര മേൽശാന്തി വടക്കേമഠത്തിൽ രാജഗോപാലൻ പോറ്റി ക്ഷേത്രത്തിനകത്ത് നിന്ന് ദീപം വടക്കെ നടയിലെ നിലവിളക്കിൽ പകർന്നു. അതിൽ നിന്ന് ദീപം പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പിൽ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ദേവി സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിലെ പൊങ്കാലച്ചൂടിൽ ഭക്തർ ഒരു വർഷം കാത്തിരുന്ന പുണ്യം നേടി. ഉച്ചയ്ക്ക് 12ന് ശേഷം അറുപതിലേറെ ശാന്തിമാരുടെ നേതൃത്വത്തിൽ പൊങ്കാല നിവേദിച്ചു. ക്ഷേത്ര പരിസരത്ത് ശാർക്കര ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റിന്റെ കീഴിൽ ഗുരുക്ഷേത്ര സന്നിധിയിൽ ഭക്തർക്ക് സംഭാരവും പഴ വർഗങ്ങളും ട്രസ്റ്റ് ഭാരവാഹികളുടെ മേൽനോട്ടത്തിൽ വിതരണം ചെയ്തു. കൂടാതെ ക്ഷേത്ര പരിസരത്ത് വിവിധ ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നൽകിയ ദാഹജലവും ഭക്ഷണവും ഭക്തർക്ക് ആശ്വാസമായി. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി. ക്ഷേത്ര പരിസരത്തെ മെഡിക്കൽക്യാമ്പിന് പുറമേ പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സംവിധാനങ്ങളും പ്രവർത്തന സജ്ജമായിരുന്നു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊങ്കാല ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ഫോട്ടോ: ശാർക്കര പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര മേൽശാന്തി വടക്കേമഠത്തിൽ രാജഗോപാലൻ പോറ്റി പണ്ടാര അടുപ്പിൽ തീ പകരുന്നു. എസ്.വിജയകുമാർ, അജയൻ ശാർക്കര, എം.ഗോപകുമാർ എന്നിവർ സമീപം.