വിതുര: വിതുരകേന്ദ്രമാക്കി വീണ്ടും ചന്ദനക്കടത്ത് സംഘങ്ങൾ സജീവമാകുന്നതായി പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനവധി പേർ ചന്ദനവേട്ടക്ക് സജീവമായി കളത്തിറങ്ങിയതായാണ് വനപാലകർ പറയുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും ചന്ദനം മുറിച്ച് കടത്തി കൊണ്ടു വന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനം വനപാലകർ പിടികൂടിയിരുന്നു. ഇതുമായി എത്തിയ നാലഗം സംഘത്തിനായി തിരച്ചിൽ നടത്തുകയാണ് ഉദ്യോഗസ്ഥർ. കല്ലാർ, ബോണക്കാട്, പൊൻമുടി വനാന്തരങ്ങളാണ് ചന്ദനമാഫിയയുടെ താവളം. വനം വഴി തമിഴ്നാട്ടിലെത്തി വനപാലകരുടെ കണ്ണ് വെട്ടിച്ച് ചന്ദനം മുറിച്ചുകടത്തുകയാണ് പതിവ്. ചന്ദനക്കടത്ത് സംഘം മൃഗവേട്ടയും നടത്തുന്നതായും പരാതിയുണ്ട്. ഇതിനെ കുറിച്ചും പൊലീസും വനപാലകരും അന്വേഷണം നടത്തുന്നുണ്ട്. കല്ലാറിലുള്ള സംഘം തമിഴ്നാട്ടിൽ നിന്നും ചന്ദനം മുറിച്ച് വനത്തിലൂടെ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഫ്ലയിംഗ് സ്ക്വാഡ് സംഘം റെയ്ഡ് നടത്തി ചന്ദനം പിടിച്ചെടുത്തത്. ചന്ദനം കടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് വനപാലകർ പറയുന്നു.
തമിഴനാട്ടിലെ മുണ്ടംതുറ, മാഞ്ചോല, പേച്ചിപ്പാറ, മേഖലകളിൽ തോക്കുകളും, മറ്റ് മാരകായുധങ്ങളുമായി എത്തിയാണ് വനപാലകരുടെ കണ്ണ് വെട്ടിച്ച് ചന്ദനം മുറിച്ചുകടത്തുന്നത്. ചന്ദനം മുറിക്കുന്നതിനിടയിൽ വനപാലകരുമായി ഏറ്റുമുട്ടുക പതിവാണ്. വിതുര മേഖലയിൽ നിന്നുള്ള മൂന്ന് പേർ തമിഴ്നാട്ടിൽ വച്ച് വനപാലകരുടെ വെടിയേറ്റ് മരിച്ചിരുന്നു. അനവധി പേർക്ക് ഗുരുതരമായി പരിക്കുമേറ്റിട്ടുണ്ട്. വനപാലകരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട അനവധി പേരെ വിതുരയിൽ എത്തി തമിഴ്നാട് പൊലീസും, വനപാലകരും പിടികൂട്ടിയിട്ടുണ്ട്. പത്ത് വർഷം മുൻപ് വരെ ചന്ദനകടത്ത് സംഘം വിതുര, കല്ലാർ മേഖലകളിൽ സജീവമായിരുന്നു. പൊലീസും, വനപാലകരും ചേർന്ന് സംഘത്തെ അടിച്ചമർത്തിയെങ്കിലും വീണ്ടും സംഘം തലപൊക്കിയിരിക്കുകയാണ്.