അമേരിക്കയിൽ താമസിക്കുന്ന ഒരു സുഹൃത്തിന്റെ അമ്മ ഈയിടെ ഇവിടെ അമേരിക്കയിൽ വച്ച് മരിച്ചു. നാട്ടിൽ നിന്ന് മക്കളോടൊപ്പം കുറച്ചു നാൾ അമേരിക്കയിൽ ജീവിക്കാൻ വന്നതായിരുന്നു. ഇടയ്ക്കിടെ അങ്ങനെ വരാറുണ്ട്. കുറച്ചു നാളായി അവർക്ക് ഒരു രോഗമുണ്ടായിരുന്നു. വേഷവും മുഖവും അതിലെ പ്രതീക്ഷയും ഒക്കെ കണ്ടാൽ രോഗമുള്ളയാളാണെന്ന് പറയില്ല. കണ്ടാലും അധികം പ്രായം തോന്നില്ല. അമേരിക്കയിൽ വന്നതിനു ശേഷം പ്രതീക്ഷിക്കാതെ രോഗം കലശലായി. ഒരുപാട് ദിവസം ആശുപത്രിയിൽ കിടന്നു, പ്രധാനമായും അത്യാഹിത വിഭാഗത്തിൽ. ഇനിയും കൂടുതൽ ചികിത്സകൊണ്ട് വലിയ കാര്യമില്ലെന്ന അവസ്ഥയായി. രോഗിക്കും അത് മനസിലായി. എങ്കിലും ആരും പ്രതീക്ഷ കൈവിട്ടില്ല. അത് സ്വാഭാവികമാണല്ലോ. അവസാനം വരെ രോഗിയും ബന്ധുക്കളും പൊരുതി നോക്കി. ഒന്നര മാസത്തെ ചികിത്സയുടെ ബില്ല് കേട്ട് ഞെട്ടരുത്. ഏഴര ലക്ഷം ഡോളർ. നാട്ടിലെ അഞ്ച് കോടിയിലധികം രൂപ. മക്കൾ ആശുപത്രി ഫീസ് അടയ്ക്കാനുള്ള സംവിധാനങ്ങൾ കൃത്യമായി ചെയ്തിരുന്നത് രക്ഷയായി. ഗുണനിലവാരം നല്ലതാകുമ്പോഴും അമേരിക്കയിലെ ചികിത്സ വളരെ വിലപിടിച്ചതാണ്. സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് ചികിത്സ നേടൽ എളുപ്പമല്ല. ആരോഗ്യ ഇൻഷ്വറൻസിനായും വ്യക്തികൾ വലിയ തുക മുടക്കണം. ഇൻഷുറൻസ് ഇല്ലെങ്കിൽ ചികിത്സ കഴിയുമ്പോൾ കുത്തുപാളയെടുക്കും.
നാട്ടിൽ നിന്ന് അമേരിക്കയിൽ സന്ദർശനത്തിന് വരുന്നവർ നല്ല ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാതെ വന്നതിന്റെ ദുരന്ത കഥകൾ പലതും കേട്ടിട്ടുണ്ട്. യാത്രയുടെ ചെലവ് ചുരുക്കുന്നതിന്റെ കൂടി ഭാഗമായി കുറഞ്ഞ ആരോഗ്യ ഇൻഷ്വറൻസ് എടുക്കും. കഴിഞ്ഞ വർഷം ഒരാളുടെ അച്ഛൻ എയർപോർട്ടിൽ വന്നിറങ്ങിയത് തന്നെ ഗുരുതര രോഗവുമായി. വിമാനത്തിൽ വച്ച് രോഗമുണ്ടായതാണ്. എയർപോർട്ടിൽ നിന്ന് തന്നെ ആംബുലൻസിൽ കയറ്റി നേരേ ആശുപത്രിയിലേക്ക്. അവിടെ നേരേ ഐ.സി യൂണിറ്റിൽ. ഓരോ ആഴ്ചയും ബില്ല് ഒരു ലക്ഷം ഡോളർ. നാട്ടിലെ മുക്കാൽക്കോടി രൂപയോളം. അച്ഛനെ അമേരിക്കയിൽ കൊണ്ടുവന്ന മകളുടെ വാർഷിക ശമ്പളത്തിന് തുല്യം. നാട്ടിൽ നിന്നും എടുത്തിരുന്ന ഇൻഷ്വറൻസ് അമേരിക്കയിൽ പ്രയോജനപ്പെട്ടില്ല. ഒരു മാസത്തിലധികം ആശുപത്രിയിൽ കിടന്നു. ഇവിടത്തെ സുഹൃത്തുക്കളൊക്കെ പിരിച്ചു കിട്ടിയ തുക ഒന്നോ രണ്ടോ ദിവസത്തെ ബില്ലിനേ തികഞ്ഞുള്ളൂ.
നാട്ടിൽ നിന്നും ശരിയായ ഇൻഷ്വറൻസ് എടുക്കാതെ അമേരിക്ക കാണാൻ വന്ന് അസുഖം പിടിച്ചാൽ ഭാവിജീവിതം താങ്ങാനാവാത്ത കടത്തിൽ ആഴ്ന്നു പോകും. ഇൻഷ്വറൻസ് സഹായം ലഭിക്കണമെങ്കിൽ വിദേശത്ത് വച്ച് വന്നത് പുതിയ അസുഖമായിരിക്കണം. പഴയ അസുഖവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ആനുകൂല്യം ലഭിക്കണമെങ്കിൽ നാട്ടിൽ നിന്നേ കൂടുതൽ തുക കൊടുത്ത് നല്ല ഇൻഷ്വറൻസ് എടുത്തിരിക്കണം എന്നർത്ഥം. ജനീവയിൽ ജീവിക്കുമ്പോൾ അവിടത്തെ ഒരു സുഹൃത്ത് നാട്ടിൽ നിന്നും അമ്മൂമ്മയെ സ്വിറ്റ്സർലന്റ് കാണിക്കാൻ കൊണ്ടു വന്നു. തൊണ്ണുറുകാരിയായ അമ്മൂമ്മ വരുമ്പോൾ ആരോഗ്യവതിയായിരുന്നു. വന്നതിന്റെ പിറ്റേ ആഴ്ച അവർ ഒരു മേശയിൽ തട്ടി താഴെ വീണു. തലപൊട്ടി രക്തമൊഴുകി. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടു പോയി. ഒരാഴ്ചത്തെ ചികിത്സ കഴിഞ്ഞപ്പോൾ ചെലവ് തൊണ്ണൂറായിരം സ്വിസ് ഫ്രാങ്ക്. അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ. തൊണ്ണൂറായിരം ഫ്രാങ്കിന്റെ ആശുപത്രി ബില്ലിന് ഇന്ത്യയിൽ നിന്നെടുത്തിരുന്ന ഇൻഷ്വറൻസിൽ നിന്നും കിട്ടിയത് വെറും നാനൂറ് ഫ്രാങ്ക്.
വെറുതേ ഡൽഹിയിലിരുന്ന അമ്മൂമ്മ സ്വിറ്റ്സർലന്റിൽ വന്ന് തലയിൽ തയ്യലിട്ട് പോയതിന് ആകെ ചെലവ് 60ലക്ഷം രൂപ. യാത്രകളെ നിരുത്സാഹപ്പെടുത്തുകയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പുറംനാടുകളിലേക്ക് യാത്ര ചെയ്യുമ്പോൾ പോകുന്ന നാട്ടിൽ ഉപയോഗപ്പെടുന്ന ആരോഗ്യ ഇൻഷ്വറൻസ് എടുത്തിരിക്കണം. ഇല്ലെങ്കിൽ യാത്ര വലിയ ദു:ഖത്തിൽ കലാശിക്കും.
വിദേശയാത്രയിൽ ശ്രദ്ധിക്കേണ്ടത്
വിദേശയാത്ര നടത്തുന്നവർ ചില അടിസ്ഥാന കാര്യങ്ങൾ ചെയ്തിരിക്കണം. അവരവരുടെ സ്ഥിരം ഡോക്ടറെ കണ്ട് പരിശോധന നടത്തുക. യാത്രക്കിടയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങൾക്കായി ഡോക്ടർ കുറിച്ച മരുന്നുകൾ ഉണ്ടെങ്കിൽ വിമാനത്തിനുള്ളിൽ കൊണ്ടു പോകുന്ന ഹാന്റ് ബാഗിൽ തന്നെ അവ ഭദ്രമായി സൂക്ഷിക്കുക.
അസുഖങ്ങൾക്കായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ വിദേശ യാത്രയുടെയോ താമസത്തിന്റെയോ കാലയളവിനെക്കാൾ കൂടുതൽ ദിവസത്തേക്ക് വാങ്ങി കരുതുക; മടക്കയാത്ര മാറ്റി വച്ചാൽ മരുന്നില്ലാത്ത അവസ്ഥ വരരുത്.
സ്വന്തം നാട്ടിലെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസിയിൽ നിന്ന് മരുന്ന് കൊടുക്കാത്ത നിരവധി രാജ്യങ്ങളുണ്ട്. സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ കുറിപ്പടി കൈയിൽ കരുതുക. കാരണം, വിദേശത്തു വച്ച് എന്തെങ്കിലും രോഗം വന്നാൽ മുൻകാല രോഗങ്ങളുടെയും ചികിത്സകളുടെയും രേഖകൾ കാണിക്കേണ്ടതുണ്ട്. എല്ലാത്തിനുമുപരി, വിദേശത്ത് വച്ച് രോഗം വന്നാൽ അവിടെ ഉപയോഗപ്രദമാകുന്ന ഇൻഷ്വറൻസ് തന്നെ എടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക.