പൂവാർ: നിരവധി കൈത്തോടുകൾ വന്നുചേരുന്ന കരിച്ചൽ കായൽ ഇന്ന് മാലിന്യവാഹിയായി ഒഴുകുകയാണ്. പൂവാർ, കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാൽ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന കരിച്ചൽ പമ്പ് ഹൗസ് പ്രവർത്തിക്കുന്നതും ഈ കായലിന്റെ നീർ സാന്നിദ്ധ്യത്തെ ആശ്രയിച്ചാണ്. നിരവധി പഞ്ചായത്ത് പ്രദേശങ്ങൾക്ക് കുടിവെള്ള ദായിനിയായ കരിച്ചൽ കായൽ ഇന്ന് രോഗശയ്യയിലാണ്. ബാലരാമപുരം ഗ്രാമ പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ചെറു നീർച്ചാലുകളാണ് തോടുകളായി രൂപാന്തരപ്പെട്ട് കരിച്ചൽ കായലിൽ വന്നു ചേരുന്നത്. കോട്ടുകാലിലെ വലിയ തോട്ടിലേക്കും, നടുത്തോട്ടിലേക്കുവന്നു ചേരുന്ന പതിനാറ് തോടുകളാണ് ഇത്തരത്തിൽ നിലവിലുണ്ടായിരുന്നത്. ഉയർന്ന പ്രദേശങ്ങളിൽ നിന്നും തുടങ്ങുന്ന തോടുകളാണ് അവ. ഇവയെല്ലാം അടുത്ത കാലം വരെ വറ്റാത്ത നീരുറവകളായിരുന്നു. ഇന്ന് അവയെല്ലാം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.
തീരപ്രദേശത്ത് അടിക്കടിയുണ്ടാകുന്ന പകർച്ചവ്യാധികളും മാരകരോഗങ്ങൾക്കും ഇടയാക്കുന്നത് ജലാശയത്തളിലെ മലിനീകരണമാണെന്ന തിരിച്ചറിവാണ് ഒരു വാട്സാപ്പ് ഗ്രൂപ്പ് സംഘടനയുടെ വാർ ഓൺ വേസ്റ്റ് പോലുള്ള പരിപാടികൾക്ക് ജന പിൻതുണ ലഭിച്ചിരിക്കുന്നത്. കരിച്ചൽ കായലിലെ ജലം പ്രദേശവാസികൾ മാത്രമല്ല, നഗരവാസികളും ഇന്ന് ധാരാളമായി ഉപയോഗിച്ചു വരികയാണ്. ആയതിനാൽ കായലിനെ നിലനിറുത്തിയും മാലിന്യ മുക്തമാക്കിയും സംരക്ഷിച്ചില്ലങ്കിൽ വരും നാളുകളിൽ കടുത്ത ജലക്ഷാമത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
സമീപ പഞ്ചായത്തുകളിലടക്കം ശുദ്ധജലമെത്തിക്കാനുള്ള മിനി വാട്ടർ സപ്ലൈ സ്കീമുകളുടെ പമ്പ് ഹൗസുകളും കരിച്ചൽ കായലിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിലവിൽ നീർച്ചാലുകൾ പലതും മണ്ണ് വീണ് മൂടി. തോടുകളിൽ ഒഴുക്ക് നിലച്ചു. അവിടങ്ങളെല്ലാം മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറി. വലിയതോടും, നടുത്തോടും കൈയേറ്റക്കാരുടെ കൈകളിൽ അമർന്നു. പ്ലാസ്റ്റിക്കുകളുടെ നിക്ഷേപ കേന്ദ്രങ്ങളായി തോടുകൾ മാറി. കരിച്ചൽ കായൽ അറബിക്കടലിൽ ലയിക്കുന്നതിന്റെ അഴിമുഖം മുതൽ അടിമലത്തുറയുടെയും കരുംകുളത്തിന്റെ പി.എച്ച്.സി വാർഡിന്റെയും ഭാഗങ്ങളിൽ വരുന്ന കൈവഴികളിലെല്ലാം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്.