കേഴ്‌വി തീരെ ഇല്ലാത്തവർക്കും കേഴ്‌വിക്കുറവ് ഉള്ളവർക്കും ശബ്ദങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ശ്രവണ സഹായികൾ. എന്നാൽ ഇതിന്റെ ഉപയോഗത്തെക്കുറിച്ചും എങ്ങനെ പ്രവർത്തിപ്പിക്കണമെന്നതിനെക്കുറിച്ചും പലർക്കും കൃത്യമായ ധാരണ ഇല്ല.
ശ്രവണ സഹായികൾ ഉപയോഗിക്കാൻ കേഴ്‌വി പരിശോധിക്കണോ?
തീർച്ചയായും. കൃത്യമായ കേഴ്‌വി പരിശോധനയ്ക്ക് ശേഷം മാത്രമേ ശ്രവണ സഹായി ഉപയോഗിക്കാവൂ. കേഴ്‌വിയുടെ ശതമാനം കൃത്യമായി തിട്ടപ്പെടുത്തിയതിനു ശേഷംവേണം ഏതുതരം ശ്രവണ സഹായി ആണ് ഉപയോഗിക്കേണ്ടത് എന്ന് തീർച്ചപ്പെടുത്തേണ്ടത്.
എവിടെ നിന്ന് ലഭിക്കും?
കേരളത്തിലെമ്പാടും കേഴ്‌വി പരിശോധന ക്ളിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ വേണം ശ്രവണ സഹായി ഫിറ്റ് ചെയ്യേണ്ടത്. ശ്രവണ സഹായികൾ വാങ്ങുമ്പോൾ അവയുടെ ബ്രാൻഡും വാറന്റിയും ഉറപ്പാക്കേണ്ടതാണ്.ഗുണനിലവാരവും ഉറപ്പുവരുത്തണം.
വാങ്ങുന്നവ ചെവിയിൽ ഫിറ്റ് ചെയ്ത് പരിശോധിച്ച് ഉപയോഗപ്രദമാണോ എന്ന് ബോദ്ധ്യപ്പെടുക. ഇവയുടെ ഉപയോഗം മൂലം കേഴ്‌വി മുഴുവനായി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.
വിവിധ തരം ശ്രവണ സഹായികൾ
അനലോഗ്, ഡിജിറ്റൽ എന്നിങ്ങനെയുള്ള ശ്രവണസഹായികൾ ലഭ്യമാണ്. സംഭാഷണ ശകലങ്ങൾ വ്യക്തമായും കൃത്യതയോടും കേൾക്കാൻ ഡിജിറ്റൽ ശ്രവണസഹായികൾ സഹായിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ആവശ്യമുള്ള ശബ്ദങ്ങൾ മാത്രം കൂട്ടാനും കുറയ്ക്കാനും ഇതിൽ സാദ്ധ്യമാകുന്നു. ഇതിന്റെ ചാനൽ നമ്പറിന്റെ എണ്ണം കൂടുന്നതനുസരിച്ച് കേഴ്‌വിയുടെ വ്യക്തത കൂടുന്നു. സ്വന്തം ശബ്ദം മ്യൂസിക് ഫോൺ സംഭാഷണങ്ങൾ എന്നിവ നാച്ചുറൽ ക്വാളിറ്റി ശബ്ദങ്ങളായി കേൾപ്പിക്കാനും അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കാനും ഒരു ഹൈക്വാളിറ്റി ശ്രവണസഹായികൾക്ക് സഹായിക്കും.
ചെവിയുടെ പുറമേ വയ്ക്കാവുന്നതും ഉള്ളിൽ വയ്ക്കാവുന്നതുമായ ശ്രവണ സഹായികൾ ഉണ്ട്. നന്നേ കേഴ‌്‌വി കുറഞ്ഞവർക്ക് ചെവിയുടെ ഉള്ളിൽ വയ്ക്കാവുന്ന ശ്രവണ സഹായികൾ മുഴുവനായി ഫലപ്രദമാകണമെന്നില്ല.
കൃത്യമായ പ്രോഗ്രാമിംഗിലൂടെ സെറ്റ് ചെയ്ത ശ്രവണസഹായികൾ ഒരിക്കലും കേഴ്‌വിക്കുറവ് വരുത്തുകയില്ല. എന്നാൽ വ്യാജ ശ്രവണസഹായികളിൽ ശബ്ദക്രമീകരണം കൃത്യമല്ലാത്തതിനാൽ കേഴ്‌വി ഇല്ലാതാകാൻ സാദ്ധ്യതയുണ്ട്.
പാർവതി ശ്രീരാജ്
കൺസൽട്ടന്റ് ആഡിയോളജിസ്റ്റ്,
കർണികാർ ഹിയറിംഗ് എയ്‌ഡ് ക്ലിനിക്,
നെടുമങ്ങാട്, തിരുവനന്തപുരം.
ഫോൺ: 8606295056.