തിരുവനന്തപുരം: വീട്ടിലേക്ക് അപ്രതീക്ഷിതമായി ഫയർഫോഴ്സുകാരോ ഫയർ വാഹനമോ വന്നതുകണ്ടാൽ ഞെട്ടേണ്ട! തീപിടിച്ചാലോ അപകടമുണ്ടായാലോ മാത്രമല്ല അല്ലാതെയും മാസത്തിലൊരിക്കൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തും. സംസ്ഥാന ഫയർ ആന്റ് റെസ്ക്യൂ ഫോഴ്സിൽ പുതുതായി നടപ്പാക്കുന്ന സേഫ്റ്റി ബീറ്റ് പദ്ധതിയുടെ ഭാഗമാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ഈ സന്ദർശനം.
ചായകുടിച്ചും സൊറപറഞ്ഞും നേരം കൊല്ലാനല്ല. വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തുകയും ഉടമസ്ഥരെ അത് ബോദ്ധ്യപ്പെടുത്തി പരിഹാരം കാണുകയുമാണ് ഉദ്ദേശം. ഫയർഫോഴ്സ് മേധാവി എ.ഡി.ജി.പി എ. ഹേമചന്ദ്രനാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസിലേതുപോലെ സംസ്ഥാന ഫയർഫോഴ്സിലും ആദ്യമായി ബീറ്റ് സമ്പ്രദായമെന്ന ആശയം കൊണ്ടുവന്നത്. അപകടങ്ങളുണ്ടായശേഷമുള്ള രക്ഷാപ്രവർത്തനത്തിലുപരി അപകടങ്ങൾ മുൻകൂട്ടികണ്ട് പ്രതിരോധം തീർക്കുകയാണ് ബീറ്റ് പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. അഗ്നിശമന സേനയും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഓരോ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർക്ക് തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളുടെ മുക്കുംമൂലയും വരെ തിരിച്ചറിഞ്ഞ് ആപൽഘട്ടങ്ങളിൽ ഓടിയെത്താനും ബീറ്റ് സന്ദർശനം ഉപകരിക്കും.
സേഫ്റ്രി ബീറ്റ്
ഫയർ സ്റ്റേഷൻ പരിധിയിൽപ്പെട്ട പഞ്ചായത്ത് മുനിസിപ്പൽ പ്രദേശങ്ങളെ വിവിധ ഏരിയകളായി തിരിച്ച് ഓരോ പ്രദേശത്തിനും ഒരു ഫയർ ആന്റ് റെസ്കൂ ഓഫീസറെയോ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസറെയോ ഡ്രൈവർ ,മെക്കാനിക്ക് എന്നിവരെയോ ബീറ്റ് ഓഫീസർമാരാക്കും. അവർ തങ്ങളുടെ പ്രദേശത്തെ ജനപ്രതിനിധികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് അവിടങ്ങളിലെ സ്കൂളുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ , വീടുകൾ എന്നിവിടങ്ങളിലെത്തി തങ്ങളുടെ മൊബൈൽനമ്പരും ഫയർ സ്റ്റേഷൻ നമ്പരും കൈമാറും. വീടും പരിസരവും നിരീക്ഷിച്ചശേഷം അവിടത്തെ അപകട സാഹചര്യങ്ങൾ വിലയിരുത്തും.
കെട്ടിടത്തിന്റെ തകർച്ച, വയറിംഗ് സംബന്ധമായ തകരാറുകൾ, തുറസായ ജലാശയങ്ങളുടെ സാമീപ്യം, പാചകവാതകം, സ്റ്റൗ, ഫ്രിഡ്ജ് , ഇലക്ട്രിക് അയൺ , മൊബൈൽ ഫോണുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി വീട്ടുകാരെ ബോധവത്കരിക്കും. കൊച്ചുകുട്ടികളും പ്രായമുള്ളവരും കിടപ്പുരോഗികളുമുള്ള സ്ഥലങ്ങളിൽ പുലർത്തേണ്ട ജാഗ്രത, തീപിടിത്തം, ശക്തമായ മഴ, കാറ്റ്, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും ദുരന്തമുഖങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളും അവരെ ബോദ്ധ്യപ്പെടുത്തും.
ദുരന്തമുണ്ടായാൽ ആളുകളെ പാർപ്പിക്കാനുള്ള സുരക്ഷിത സ്ഥലങ്ങളും ബീറ്റ് ഓഫീസർമാർ കണ്ടെത്തും. നഗരങ്ങളിൽ ഫ്ളാറ്റുകൾ, മാളുകൾ, തീയറ്ററുകൾ ,സ്കൂളുകൾ എന്നിവിടങ്ങളിലും ബഹുനില മന്ദിരങ്ങളിലും എമർജൻസി എക്സിറ്റ് , പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ എന്നിവ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കുന്നതിനൊപ്പം ജനങ്ങളെ ഫയർ എക്സ്റ്റിൻഗുഷർ പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കും. ഓരോ പ്രദേശത്തും ക്വാറികൾ, വെടിമരുന്ന് സംഭരണശാലകൾ, അപകടകരമായ രാസവസ്തുക്കളും മറ്റും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ തിരിച്ചറിയാനും നിയമാനുസൃതവും അപകടരഹിതവുമായാണ് അവിടത്തെ പ്രവർത്തനങ്ങളെന്നും ബീറ്റ് ഓഫീസർമാർ ഉറപ്പാക്കണം. സ്ഥിരമായി മുങ്ങിമരണങ്ങൾ, മറ്റ് അപകടങ്ങൾ തുടങ്ങിയവ ഉണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് അപായ സൂചനകൾ നൽകി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനൊപ്പം അപകടകരമായി നിൽക്കുന്ന പോസ്റ്റുകൾ, മരങ്ങൾ എന്നിവ മുറിച്ച് മാറ്റാനും സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം കാടുകയറിയും പൊത്തുകൾ നിറഞ്ഞും ഇഴജന്തുക്കളുടെ ഭീഷണി പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും ബീറ്റ് സന്ദർശനം സഹായകമാകും.
ഫയർ സ്റ്റേഷനുകൾ- 124
ബീറ്റ് ഓഫീസർമാർ- 1200
''
ജനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബീറ്റ് സമ്പ്രദായത്തിന് തീരുമാനിച്ചത്. അപകടമുണ്ടായശേഷമുള്ള രക്ഷാപ്രവർത്തനത്തെക്കാൾ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ നടപടികൾക്ക് ഇത് ഉപകരിക്കും. അപകടങ്ങളിലും ദുരന്തങ്ങളിലും നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനും പദ്ധതി പ്രയോജനപ്രദമാകും. എല്ലാമാസവും സ്റ്റേഷൻ ഓഫീസർമാർ ജില്ലാ ഓഫീസർക്കും ജില്ലാ ഓഫീസർ സംസ്ഥാന ഫയർഫോഴ്സ് മേധാവിക്കും സേഫ്റ്റി ബീറ്രിന്റെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് നൽകണം.
എ. ഹേമചന്ദ്രൻ, ഫയർഫോഴ്സ് മേധാവി