corona-viru

ലോകം കൊറോണ ഭീതിയിലാണ്. കൃത്യമായ മരുന്നോ ചികിത്സയോ ഇല്ലാത്തതാണ് കൊറോണയെ കൂടുതൽ പ്രശ്നക്കാരനാക്കുന്നത്. വളരെ വേഗം പടർന്നുപിടിക്കുകയും ചെയ്യും. കൊറോണയ്ക്കുമുമ്പ് എബോള, സാർസ്, നിപ്പ, കോംഗോ പനി തുടങ്ങിയ പകർച്ചവ്യാധികൾ ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയിട്ടുണ്ട്.

എബോള

മാരകമായ ഒരു വൈറസ് രോഗമാണ് എബോള. ശരീര കോശങ്ങളെ നശിപ്പിക്കുകയും അതുവഴി പ്രതിരോധശേഷി തടസപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കോംഗോ, സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ 1976ലാണ് എംബോള രോഗം ആദ്യമായി കാണുന്നത്. ഇതിനകം മുപ്പതിനായിരത്തിലധികം പേരെ ഇൗ മഹാമാരി കൊന്നൊടുക്കിയെന്നാണ് കണക്കുകൾ പറയുന്നത്. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. ഇവയുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ഫലപ്രദമായ ചികിത്സ നിലവിലില്ല.

സാർസ്

ന്യുമോണിയപോലെയുള്ള ഈ രോഗം ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ശ്വസനതടസം ഉണ്ടാക്കി മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നാണ് മുഴുവൻ പേര്. ഇതുവരെ മുപ്പത്തിയേഴ് രാജ്യങ്ങളിലായി 774 പേരുടെ മരണത്തിന് ഇൗ രോഗം ഇടയാക്കിയിട്ടുണ്ട്. മരണമടഞ്ഞവരിൽ ഭൂരിപക്ഷവും ചൈനയിലും ഹോങ്കോംഗിലുമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 9.6ശതമാനം മരണ നിരക്ക് രേഖപ്പെടുത്തിയ പകർച്ചവ്യാധിയാണിത്. 2003 ഫെബ്രുവരിയിലാണ് സാർസ് ആദ്യം സ്ഥിരീകരിച്ചത്. വായുവിലൂടെയാണ് പകരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നത് രോഗം എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഇടയാക്കുന്നു. പ്രതിരോധ വാക്സിനോ കൃത്യമായ ചികിത്സയോ ലഭ്യമല്ല.

നിപ്പ

കേരളത്തിലുൾപ്പെടെ മുന്നൂറോളംപേരുടെ മരണത്തിനിടയാക്കിയ പകർച്ചവ്യാധി. വൈറസ് ബാധയുള്ള വാവലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യനിലേക്ക് എത്തും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. അസുഖ ബാധയുള്ളവരെ അശ്രദ്ധമായി പരിചരിക്കുന്നതിലൂടെയും വൈറസ് ബാധയുള്ള വാവലുകളുടെ കാഷ്ഠം കലർന്ന വെള്ളം, അവ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയും രോഗം പകരാം. മലേഷ്യയിലെ കമ്പുങ് സുങായ് നിപ്പാ എന്ന പ്രദേശത്താണ് ആദ്യമായി വൈറസ് രോഗബാധ കണ്ടെത്തിയത്. അതാണ് നിപ്പ എന്ന പേരിന് കാരണം.1999 ലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് 257 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 105പേർ മരിച്ചു.

പന്നിപ്പനി

ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ടതാണ് പന്നിപ്പനി വൈറസ്. 2009 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മെക്സിക്കോയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് അറുപതിലധികം രാജ്യങ്ങളിലേക്ക് പകർന്നു. പന്നിപ്പനിമൂലം ലോകത്ത് എത്രപേർ മരിച്ചുവെന്ന് വ്യക്തമല്ല. ഇന്ത്യയിലെ ആദ്യത്തെ എച്ച്1, എൻ1 പനി മരണം 2009 ഓഗസ്റ്റ് 3 - ന്‌ പൂനെയിലാണ് റിപ്പോർട്ടുചെയ്തത്. നിയന്ത്രണവിധേയമാക്കാൻ മരുന്നുകൾ ലഭ്യമാണ്.

കോംഗോ പനി

നൈറോ വൈറസ് എന്ന ആർ.എൻ.എ കുടുംബത്തിൽപ്പെട്ട ബുനിയവൈരിടായ് വൈറസ് മൂലം മനുഷ്യരിൽ ഉണ്ടാകുന്ന ജന്തുജന്യരോഗമാണ് കോംഗോ പനി അഥവാ ക്രിമിയൻ കോംഗോ ഹിമ്രാജിക് ഫീവർ. മൃഗങ്ങളിലും പക്ഷികളിലും സർവസാധാരണമായി കാണപ്പെടുന്ന ഏഴ് ജനുസുകളിൾപ്പെട്ട 31ഓളം ചെള്ളുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. എലി, പട്ടി, പൂച്ച എന്നിവയുടെ ശരീരത്തിൽ നിന്നുള്ള ചെള്ളുകളാണ് കോംഗോ പനിയുടെ രോഗാണുക്കളെ മനുഷ്യ ശരീരത്തിൽ എത്തിക്കുന്നത്. രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. ഇൗ രോഗംമൂലം എത്രപേർ മരിച്ചുവെന്നതിന് വ്യക്ത കണക്ക് ലഭ്യമല്ല. ചില രാജ്യങ്ങളിൽ ചില വാക്സിനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യമല്ല.