ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗമെന്നും കേരളമെന്ന് കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നുമുള്ള കവിവാക്യം ഇന്നും മലയാളികളിൽ സമരാവേശമായി തുടിക്കുന്നുണ്ട്. അനീതിക്കും അധർമ്മത്തിനും എതിരെയുള്ള ചോരത്തിളപ്പ് നല്ലതുതന്നെ. ഏതു സമരമുഖത്തും മലയാളികൾ സജീവം. പക്ഷെ നീതിയുടെയും ധർമ്മത്തിന്റെയും കാര്യം വിസ്മരിക്കരുത്.
തരിശായി കിടക്കുന്ന പാടങ്ങളും വെട്ടും കിളയുമില്ലാത്ത പറമ്പുകളും എങ്ങും കാണാം. പൈസ കൊടുക്കാൻ തയ്യാറായാൽ പോലും ആളുകിട്ടാത്ത അവസ്ഥയും കേരളത്തിലുണ്ട്. ബീഹാറിയും ബംഗാളിയും ഇല്ലെങ്കിൽ കേരളത്തിൽ എന്തു ജോലിയാണ് നടക്കുക. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരുടെ എണ്ണം ലക്ഷക്കണക്കിന് വരും. തൊഴിലുകൾ ഇഷ്ടം പോലെ. ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലെന്ന് മാത്രം. വയലിലും നിർമ്മാണ മേഖലയിലുമെല്ലാം അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യമാണ്. അതേസമയം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സംഘടനകൾ ഓരോ രാഷ്ട്രീയകക്ഷികൾക്കും ഉണ്ട്. അവയുടെ അംഗസംഖ്യ കേട്ടാൽ അമ്പരന്ന് പോകും. ആ സംഘടനകളുടെ ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനങ്ങളും മുറപ്രകാരം നടക്കാറുണ്ട്. പക്ഷെ പാടത്ത് പണിയെടുക്കാൻ മലയാളികളെ അപൂർവമായിട്ടേ കിട്ടാറുള്ളൂ. ഇതിനെക്കാൾ കഠിനമായ ജോലി രാജ്യം വിട്ടാൽ ഭംഗിയായി ചെയ്യാൻ മലയാളിക്ക് അറിയുകയും ചെയ്യാം. അപ്പോൾ എവിടെയാണ് കുഴപ്പം. തൊഴിലിന്റെ മഹത്വം മലയാളികളെ പഠിപ്പിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും വിജയിച്ചിട്ടില്ലെന്നതിന്റെ സൂചനകളല്ലേ ഇതെല്ലാം.
ആർ. എസ്. കേശവൻനായർ
പെരുമ്പാവൂർ