തിരുവനന്തപുരം: സത്യശീലൻനായരുടെ തലവെട്ടം കണ്ടാൽ മതി പ്രാവുകൾ കൂട്ടത്തോടെ പറന്നെത്തും. മരച്ചില്ലകളിൽനിന്ന് അണ്ണാറക്കണ്ണന്മാർ ഓടിയെത്തും. പിന്നൊരാഘോഷമാണ്. കൈയിൽ കരുതിയ പൊതിയഴിച്ച് ഭക്ഷണം വാരി വിതറുമ്പോൾ സത്യശീലന്റെ തോളിൽ കയറിയിരുന്നും ചിറകടിച്ചും അവ ഉല്ലസിക്കും. എല്ലാ പ്രഭാതങ്ങളിലും മ്യൂസിയം വളപ്പിലെ കൗതുകക്കാഴ്ചയാണിത്. അന്നദാതാവ് എത്തുന്ന സമയം അവയ്ക്കറിയാം. രാവിലെ 7മണി. കഴിഞ്ഞ 18 വർഷമായി സത്യശീലൻ ഈ കർമ്മം തുടരുന്നു.
എന്താ പക്ഷിസ്നേഹത്തിന്റെ കഥ? ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന സത്യശീലൻ വിരമിച്ചശേഷം വൈകുന്നേരങ്ങളിൽ മ്യൂസിയത്ത് വന്നിരിക്കുമായിരുന്നു. ഇടയ്ക്ക് കൊറിക്കാൻ കപ്പലണ്ടി വാങ്ങും. താഴെ വീഴുന്നവ കൊത്തിയെടുക്കാൻ പക്ഷികളോ അണ്ണാനോ വരും. കൈയിൽ കയറിയിരുന്ന് കപ്പലണ്ടി തിന്നുന്നതുവരെയെത്തി ചങ്ങാത്തം. ക്രമേണ അവയ്ക്കായി ഭക്ഷണം വാങ്ങിനൽകുന്നത് പതിവാക്കി. ബ്രെഡ്, ചപ്പാത്തി, അരി, ഗോതമ്പ്, മിക്സ്ചർ അങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് കൂടിക്കൂടി വന്നു. മഴയായാലും മഞ്ഞായാലും അതിനു മുടക്കമില്ല.
മ്യൂസിയം പരിസരത്ത് എന്നും കണ്ടുമുട്ടുന്ന പരിചയക്കാർക്ക് സത്യശീലൻ നായർ 'പ്രാവ് അപ്പുപ്പനാണ്'. അവധി ദിവസങ്ങളിൽ നിരവധി കുട്ടികളും അദ്ദേഹത്തോടൊപ്പം കൂടും.
വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് സി ലെയിനിൽ താമസിക്കുന്ന സത്യശീലന് ഭാര്യ ജഗദമ്മയുടെയും മകന്റെയും പൂർണ പിന്തുണയുണ്ട്. മകൻ സജനും മരുമകൾ സിജിയും കൊച്ചുമക്കളായ സാഗരികയും അനാമികയും സമയം കിട്ടുമ്പോൾ അദ്ദേഹത്തോടൊപ്പം തീറ്റയുമായെത്താറുണ്ട്.
ബർത്ഡേക്ക് ചോക്ളേറ്റ്
ജനുവരി ഏഴിന് പ്രാവ് അപ്പൂപ്പന്റെ 80ാം പിറന്നാളായിരുന്നു. അന്ന് മഞ്ചും ഫൈവ് സ്റ്രാറും അടക്കമുള്ള പ്രത്യേക ഭക്ഷണമാണ് ഒരുക്കിയത്. ചിലപ്പോൾ വീട്ടിലെ പ്രഭാതഭക്ഷണത്തിന്റെ പങ്കുകൂടി കൊണ്ടുവരും. ഒരിക്കൽ ഹരിദ്വാറിൽ നിന്ന് ഒരു മഠാധിപതി മ്യൂസിയത്തിലെത്തിയപ്പോൾ സത്യശീലൻനായരുടെ തോളിലും ശരീരത്തുമൊക്കെ കയറിയിരുന്ന് പക്ഷികൾ തീറ്റ തിന്നുന്നത് കണ്ടു. അന്ന് അദ്ദേഹം അടുത്തെത്തി തൊഴുതുകൊണ്ട് പറഞ്ഞു. അപൂർവ കാഴ്ചയാണിതെന്ന്. എല്ലാ മാസവും അദ്ദേഹത്തിന്റെ വകയായി ഭക്ഷണം സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞെങ്കിലും സത്യശീലൻ സ്നേഹപൂർവം നിരസിച്ചു.
''അണ്ണാന് കറുമുറെ തിന്നുന്നവയാണ് കൂടുതലിഷ്ടം. കാക്കകൾ വേഗത്തിൽ റാഞ്ചിപ്പെറുക്കും. ഏറ്റവും പാവം ബലി കാക്കകളാണ്. അവ കൊത്തിയെടുത്തതുകൂടി മറ്റ് കാക്കകൾ തട്ടിയെടുക്കും. ഓരോന്നിനും ഓരോ സ്വഭാവമാണ്. നിരീക്ഷിച്ചാൽ നല്ല രസമാണ്.
-സത്യശീലൻ നായർ