mariyam-vannu-vilakkoothi

ഒരുപക്ഷേ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത അവതരണരീതി,​ പ്രേക്ഷകർക്കും ഒട്ടും പരിചയമില്ലാത്തതായ സ്റ്റോണർ ശാഖയിലുള്ള ഒരു സിനിമ. അതാണ് നവാഗതനായ ജെനിത്ത് കാച്ചപ്പിള്ളിയുടെ മറിയം വന്ന് വിളക്കൂതി എന്ന സിനിമ. ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു പരീക്ഷണം മലയാള സിനിമ കണ്ടത് കിളി പോയി എന്ന സിനിമയിലൂടെ ആയിരിക്കും.

ഒരു കോർപ്പറേറ്റ് കമ്പനിയിലെ അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. കുട്ടിക്കാലത്ത് സ്കൂളിൽ ഒരുമിച്ച് പഠിച്ചവരിൽ ഒരാൾ അപ്രതീക്ഷിതമായി വിട്ടുപോകുന്നതും പിന്നീട് നാല് പേരും ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ അഞ്ചാമനും യാദൃച്ഛികമായി ജോലിക്കെത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനിടെ,​ കൂട്ടത്തിലെ നമ്പൂതിരി യുവാവിന്റെ പിറന്നാൾ ആഘോഷത്തിന് ഇവർ ഒത്തുചേരുന്നു. മദ്യത്തിനൊപ്പം 'മന്ദാകിനി' (പെണ്ണല്ല)​ യെ കൂടി കൂട്ടുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക.

mariyamvannu-vilakkoothi

സിനിമയുടെ ആദ്യപകുതി മുഴുവൻ ഈ പഞ്ചപാണ്ഡവന്മാരുടെ അറുമാദിപ്പാണ്. തമാശയും തല്ലുകൂടലുമൊക്കെയായി കാഴ്‌ചക്കാരെ രസിപ്പിച്ചാണ് സിനിമ മുന്നേറുന്നത്. ഇതിനിടെ അപ്രതീക്ഷിതമായുണ്ടാകുന്ന ഊരാക്കുടുക്കാണ് കഥയിലെ ട്വിസ്റ്റ്. അഞ്ച് സുഹൃത്തുക്കൾ താമസിക്കുന്ന മറിയാമ്മ എന്ന വൃദ്ധയുടെ വീട്ടിലെ ഒരു മുറിയിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങളെയാണ് സംവിധായകൻ കാമറയിലാക്കിയിരിക്കുന്നത്. ഫ്രെയിമുകൾക്ക് മാറ്റമില്ലാതെ ലൊക്കേഷനുകൾ മാറാതെ അവതരിപ്പിക്കുന്ന ഇത്തരത്തിലുള്ള സിനിമകൾ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നതാക്കണമെങ്കിൽ അത് ശ്രമകരമായ ദൗത്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സംവിധായാകൻ ഏറിയപങ്കും വിജയിച്ചിട്ടുണ്ട്. തമാശകൾ തന്നെയാണ് സിനിമയിലെ ഹൈലൈറ്റ്. നർമ്മത്തിന് വേണ്ടി നർമ്മമൊരുക്കാതെ സാഹചര്യത്തിന് അനുസരിച്ച് നർമ്മം സൃഷ്ടിച്ചിരിക്കുന്നതിനാൽ തന്നെ അത് പ്രേക്ഷകർക്ക് ഏറെ ആസ്വാദകകരമാകുന്നുണ്ട്.

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലെ യുവനിരയിൽ ഒരാളൊഴികെയുള്ളവരെല്ലാം ഈ സിനിമയിൽ ഒന്നിച്ചിട്ടുണ്ട്. സിജോ വിത്സൻ,​ അൽത്താഫ്,​ കൃഷ്ണശങ്കർ,​ ശബരീഷ് വർമ,​ എം.എ.ഷിയാസ് എന്നിവരാണ് സിനിമയിലെ കുഴപ്പക്കാരായ അഞ്ചംഗ സംഘം. പ്രേമം സിനിമയിലുണ്ടായിരുന്ന ഷറഫുദീൻ ഈ ടീമിൽ ഇല്ലാത്തതിന്റെ പോരായ്‌മ കാണാനാകും. സംവിധായകരായ സിദ്ധാർഥ് ശിവ, ബേസിൽ ജോസഫ് എന്നിവരും സിനിമയിലുണ്ട്. ഇവർക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് സംസ്ഥാന അവാർഡ് ജേതാവായ സേതുലക്ഷ്‌മി അവതരിപ്പിക്കുന്ന മറിയാമ്മ എന്ന കഥാപാത്രം. 'ബോയിംഗ് ബോയിംഗ്' എന്ന സിനിമയിലെ സുകുമാരിയുടെ കഥാപാത്രത്തിന്റെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് റിട്ടയേർഡ് ഹെഡ്മിസ്ട്രസിന്റെ വേഷത്തിലെത്തുന്ന മറിയാമ്മയ്ക്ക്. ബോയിംഗ് ബോയിംഗ് സിനിമ അടക്കമുള്ള 1980കളിലെ സിനിമാസംസ്‌കാരം പുന:സൃഷ്ടിക്കാനുള്ള ശ്രമവും ഇതിൽ കാണാം. സീരിയസായ സിനിമാസ്വാദനകരെക്കാൾ എന്റർടെയ്‌ൻമെന്റ് ആഗ്രഹിക്കുന്ന പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്.
ബൈജു,​ അബു സലിം തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

വാൽക്കഷണം: ചിരിയിൽ അണയുന്ന വിളക്കുകൾ

റേറ്റിംഗ്: 3.5