kolayavarthamanam

വിതുര: ലഹരി വിരുദ്ധ ബോധവത്കരണത്തിന് വേറിട്ടൊരു രീതിയുമായി ജനങ്ങളിലേക്കെത്തിയിരിക്കുകയാണ് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകളും പി.ടി.എകമ്മിറ്റിയും. മുൻ കാലങ്ങളിൽ കോലായിൽ ഒത്തു ചേർന്ന് പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്ന രീതിയിൽ വിതുര ആറ്റുമൺപുറം ആദിവാസിമേഖലയിലെത്തിയാണ് വിദ്യാർത്ഥികൾ നാട്ടുകാരോടൊപ്പം ചേർന്ന് കോലായ വർത്തമാനം സംഘടിപ്പിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ വീട്ടുമുറ്റത്താണ് കുട്ടികളും നാട്ടുകാരും രാത്രി ഒത്തുകൂടിയത്. പഴയ കാലത്തെ ഈറ്റ വിളക്കുകൾ തയാറാക്കിയാണ് വിദ്യാർത്ഥികൾക്ക് നാട്ടുകാർ വഴികാട്ടിയത്. വിവിധ വിഷയങ്ങളെ കുറിച്ച് കൂടുതൽ കോലായ വർത്തമാനങ്ങൾ സംഘടിപ്പിക്കാനാണ് പി.ടി.എയുടെ തീരുമാനം. വിതുര സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് കോലായ വർത്തമാനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ ഷിബു കുമാർ, വി.വി. വിനോദ്, സൈനി കുമാരി അദ്ധ്യപകരായ കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ കെ. അൻവർ, ഷീജ. വി.എസ്, സ്മിത എൻ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് സതീശൻ ആചാരി എന്നിവർ പങ്കെടുത്തു.