വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറ നിവാസികൾക്കും സമീപത്തെ വിദ്യാർത്ഥികൾക്കും തേനീച്ചക്കൂട്ടം തലവേദന സൃഷ്ടിക്കുന്നു. വെള്ളനാട് ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡരികിൽ വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് നില്കുന്ന രണ്ട് കൂറ്റൻ ആഞ്ഞിലി മരവും ഇപ്പോൾ തേനീച്ചകളുടെ പിടിയിലാണ്. രണ്ട് മരങ്ങളിലായി അമ്പതിൽ പരം കൂടുകളാണ് ഉള്ളത്. തൊട്ടടുത്തുള്ള മൂന്നാമത്തെ മരത്തിലേക്കും തേനീച്ചകൾ കൂടു കെട്ടിത്തുടങ്ങി. പരുന്തോ മറ്റ് പക്ഷികളോ കാറ്റോ തട്ടിയാൽ തേനീച്ചകൾ കൂട്ടത്തോടെ ഇളകും. നിരവധി തവണ നാട്ടുകാർക്ക് തേനീച്ചക്കുത്തേൽക്കുകയും ചെയ്തു.
വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ, വിതുര ഗവ. ഹൈസ്കൂൾ,യു.പി.എസ്, തൊളിക്കോട് എ.ആർ.ആർ.സ്കൂൾ, ആനപ്പെട്ടലെന സ്കൂൾ,തൊളിക്കോട് ഹൈസ്കൂൾ, യു.പി.എസ് എന്നിവിടങ്ങളിലേക്കായി നൂറുകണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്നത് ഈ മരത്തിന് സമീപത്തകൂടെയാണ്. തേനീച്ചകൾ ഇവിടെ ചേക്കേറിയിട്ട് വർഷങ്ങളായി. ഇൗ മരത്തിന് സമീപം ധാരാളം വീടുകളുണ്ട്. തേനീച്ചകൾ ഇളകി അനവധി തവണ വഴിപോക്കരെ ആക്രമിച്ചിട്ടുമുണ്ട്. സ്കൂൾ അധികൃതരും നാട്ടുകാരും അനവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടും തേനീച്ചകളെ നീക്കം ചെയ്തില്ല. മുൻപ് നാട്ടുകാർക്ക് ഭീഷണിയായി ഇൗ മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനമായെങ്കിലും പിന്നീട് അനക്കമില്ലാതായി.
കഴിഞ്ഞ വർഷം വിതുരയിൽ ഒരാൾ തേനീച്ചയുടെ കുത്തേറ്റ് മരണപ്പെട്ടിരുന്നു. പൊൻമുടി നെടുമങ്ങാട് സംസ്ഥാനപാതയിൽ ആനപ്പാറ ചിറ്റാർ ജംഗ്ഷനിൽ നിന്നിരുന്ന കൂറ്റൻ മുള്ളിലവ് മരത്തിൽ ചേക്കേറിയിരുന്ന തേനീച്ചകളുടെ ആക്രമണത്തിൽ സമീപവാസിയായ ഗൃഹനാഥ മരിച്ചിരുന്നു. ഇതിനെ തുടർന്ന് വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ തേനീച്ചകളെ നശിപ്പിക്കുകയും, മരം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. ഇൗ സമയത്തും പേരയത്തുപാറയിലെ മരത്തിൽ ധാരാളം തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. പരാതി നൽകിയതിനെ തുടർന്ന് ഇവിടെയും തേനീച്ചകളെ നശിപ്പിക്കുമെന്നും, മരം മുറിച്ചുമാറ്റുമെന്നും പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല.
തേനീച്ചകളുടെയും കടന്നലുകളുടെയും കുത്തുകൾതമ്മിൽ വ്യത്യാസമുണ്ട്. തേനീച്ചകൾ കുത്തുമ്പോൾ കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ കയറും. കൊമ്പിനോടൊപ്പം വിഷസഞ്ചിയും വയറിന്റെ കുറച്ചുഭാഗവും ഉണ്ടാവും. ഇവ നഷ്ടപ്പെടുന്നതിനാൽ കുത്തിയ ശേഷം തേനീച്ചകൾ ജീവിച്ചിരിക്കില്ല. കൊമ്പിൽ എതിർ ദിശയിലേക്ക് കാണപ്പെടുന്ന ചെറിയ മുള്ളുകൾ ഉള്ളതിനാൽ കൊമ്പ് വലിച്ചൂരിയെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വേദനയെടുക്കുകയും കൂടുതൽ മുറുകുകയും ചെയ്യും. കുത്തേൽക്കുന്നത് കണ്ണിലോ നാക്കിലോ വായിലോ ആണെങ്കിൽ അപകടകരമാണ്. കുത്തേറ്റ ഭാഗത്ത് അണുബാധയുണ്ടാവാനും സാധ്യതയുണ്ട്.
കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവർത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഉടൻ തന്നെ ആളെ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. ശ്വാസതടസം ഉണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛാസവും ഹൃദയമിടിപ്പ് ഇല്ലെങ്കിൽ സി.പി.ആറും നൽകണം. ചെറിയ ചുമപ്പും നീരും ഉള്ളവർക്ക് ആ ഭാഗത്ത് ഐസ് വച്ച് കൊടുക്കുന്നത് നീരും വേദനയും കുറയ്ക്കും. ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പുകൾ എടുത്തുകളയരുത്. അങ്ങനെ ചെയ്താൽ കൊമ്പ് ഒടിഞ്ഞ് ശരീരത്തിൽ ഇരിക്കാൻ സാധ്യതയുണ്ട്.
ചാരുപാറ-ചായം റോഡിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപം നിൽക്കുന്ന ആഞ്ഞിലിമരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റി തേനീച്ച ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകരായ കെ.ആർ. വിജയൻ, കുമാർ വടക്കേവിള, ബി.എൽ. മോഹനൻ, ജോയി.സി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം കളക്ടർക്ക് നൽകിയിരുന്നു.