nigraham-1

''അങ്ങനെ 'കൊറോണ' വൈറസ് കേരളത്തിലുമെത്തി... ലോകത്ത് എവിടെയെങ്കിലും എന്ത് അസുഖം വന്നാലും അതിങ്ങ് കേരളത്തിലും വരുമല്ലോ?"

ഓട്ടോയുടെ ഡ്രൈവിങ് സീറ്റിലിരുന്ന് പത്രം വായിക്കുകയായിരുന്ന സിദ്ധാർത്ഥ് പിറുപിറുത്തു.

പിൻസീറ്റിൽ ഇരുന്ന് മൊബൈലിൽ വാട്സ് ആപ്പ് നോക്കുകയായിരുന്ന 'ചെമ്പല്ലി സുരേഷ്" എന്നു വിളിക്കുന്ന ഡ്രൈവർ സുരേഷ് അതു കേട്ടു.

''അത് പിന്നെ വരാതിരിക്കുന്നത് എങ്ങനാടാ കൂവേ... മലയാളി ഇല്ലാത്ത സ്ഥലമുണ്ടോ? അങ്ങ് ചന്ദ്രനിൽ ചെന്നു നോക്കിയാലും കാണാം ഒരു മലയാളി തട്ടുകടയെങ്കിലും നടത്തുന്നത്."

അവരുടെ സംസാരം കേട്ടുകൊണ്ട് ഓട്ടം കാത്തു കിടന്നിരുന്ന മറ്റ് ഡ്രൈവറന്മാരും അടുത്തുകൂടി.

''ഈ വൈറസ് ചുമ്മാതങ്ങ് ഒണ്ടായതല്ലെന്നേ... നമ്മള് പത്രത്തിലും ടിവിയിലും ഒക്കെ കണ്ടു, പാമ്പുകളിൽ നിന്നും വവ്വാലുകളിൽ നിന്നും ഒക്കെയാ രോഗം പടരുന്നതെന്ന്."

'വൈറസ് മാത്യു" എന്നു വിളിക്കുന്ന മാത്യുവാണ് പറഞ്ഞത്.

''അതെന്താ ചൈനയിലുള്ളവർ പാമ്പിനെ തിന്നാറില്ലേ?"

'മീറ്റർ ചാണ്ടി' എന്ന ചാണ്ടി പെട്ടെന്നു തിരക്കി.

''അതൊക്കെയുണ്ട്." മാത്യു ഓട്ടോയുടെ മുകളിലെ റക്സിനിൽ പതിയെ തലോടി. ''അപ്പോൾ കേരളത്തിലുള്ളവർക്ക് രോഗം വന്നതെങ്ങനാ?"

''അവര് ചൈനയിൽ ആയിരുന്നവരല്ലേ? അപ്പോൾ പാമ്പിന്റെ ഇറച്ചി തിന്നുകാണും."

സുരേഷ് പറഞ്ഞു.

''ഏയ്... കേരളീയർ പാമ്പിറച്ചി തിന്നുമോ?" സിദ്ധാർത്ഥിന് സംശയം.

''പിന്നെ തിന്നാതെ?" ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്‌ണം തിന്നണം എന്നല്ലേ പ്രമാണം?"

സുരേഷ് തർക്കിച്ചു.

''അതൊന്നുമല്ല കാര്യം." വൈറസ് മാത്യുവിന്റെ ശബ്ദം ഗൗരവത്തിലായി. എല്ലാവരും അവനിലേക്കു ദൃഷ്ടികളൂന്നി.

മാത്യു തുടർന്നു:

''ഇത് 'ബയോവാറി'നുവേണ്ടി​ ചൈനക്കാർ സൃഷ്ടി​ച്ചെടുത്ത വൈറസാ. മറ്റ് രാജ്യങ്ങളി​ൽ നാശം വി​തയ്ക്കുവാൻ. പക്ഷേ, അവിടെത്തന്നെ ഭൂതം കുടം പൊട്ടിച്ചു പുറത്തുചാടിയെന്നു പറഞ്ഞാൽ മതിയല്ലോ. ഇപ്പോൾ അവിടെ എത്രപേരാ മരിച്ചത്? അവർക്കുതന്നെ ഹാന്റിൽബാറിലെ പിടിവിട്ടു നിൽക്കുകയാ..."

ഓട്ടോക്കാരുടെ സംസാരം അങ്ങനെ നീണ്ടുപോയി.

ഉച്ചയായിരുന്നു സമയം. അതിനാൽ തീരെ ഓട്ടം ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജില്ലയിലെ കോന്നിയായിരുന്നു സ്ഥലം.

ഒരു മരച്ചുവട്ടിൽ നിരന്നുകിടക്കുകയാണ് ഓട്ടോകൾ.

സിദ്ധാർത്ഥ്, ജില്ലയിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ ഭരണകക്ഷിയിൽ പെട്ട പ്രസിഡന്റാണ്.

വീട്ടിൽ അമ്മ മാത്രമേയുള്ളു. അച്ഛനെ കണ്ട ഓർമ്മയില്ല. ഡിഗ്രി വരെ പഠിക്കുകയും ഹെവി വെഹിക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസുണ്ടെങ്കിലും അവൻ തിരഞ്ഞെടുത്തത് ഓട്ടോയാണ്.

സാധാരണക്കാരന്റെ വാഹനം.

അല്പം കഴിഞ്ഞ് ബസ് സ്റ്റാന്റ് ഭാഗത്തുനിന്ന് ഒരു യുവതി തിടുക്കത്തിൽ വരുന്നത് ഓട്ടോക്കാർ കണ്ടു.

അതിസുന്ദരിയായ യുവതി.

ചുരിദാറാണ് വേഷം.

നീല നിറത്തിലുള്ള ടോപ്പും വെള്ള പാന്റും.

''ഒരോട്ടം വരുന്നുണ്ട്. സിദ്ധാർത്ഥിനാണ് യോഗം."

അവളുടെ സൗന്ദര്യം കണ്ട ചെമ്പല്ലി സുരേഷിന് അസൂയയായി.

''എന്നാൽ ഞാൻ മാറിത്തന്നേക്കാം. നീയങ്ങ് കൊണ്ടുപൊയ്‌ക്കോ."

സിദ്ധാർത്ഥ് ചിരിച്ചു.

''അത് വേണ്ടളിയാ. നമ്മടെ ഓട്ടോയിലും വന്നു കേറിക്കോളും നല്ല കിളികള്."

അതും പറഞ്ഞ് അവൻ ഓട്ടോയുടെ പിൻസീറ്റിൽ നിന്നിറങ്ങി.

സിദ്ധാർത്ഥിന്റെ ഓട്ടോയുടെ പേര് 'മഹിമാമണി." അമ്മയുടെ പേരുതന്നെയാണ് അവൻ ഓട്ടോയ്ക്ക് ഇട്ടിരിക്കുന്നത്.

യുവതി അടുത്തെത്തി.

പാരവശ്യം നിറഞ്ഞ മുഖം.

വെയിൽ കൊണ്ട് വല്ലാതെ ചുവന്നു തുടുത്തിട്ടുണ്ട്. കയ്യിൽ ഒരു ചെറിയ ബാഗ്.

''തെങ്ങുംകാവിനു പോകണം." അവൾ എല്ലാവരോടുമായി പറഞ്ഞു.

''പെങ്ങൾ ഇതിലേക്കു കേറിക്കോ." മറ്റുള്ളവർ മാറിനിന്നു.

യുവതി സിദ്ധാർത്ഥിന്റെ ഓട്ടോയിൽ കയറി.

'മഹിമാമണി' സ്റ്റാർട്ടായി. റോഡിൽ വട്ടം തിരിഞ്ഞ് അത് തെങ്ങിൻകാവിനു പോയി...

'അല്പം കൂടി വേഗത്തിൽ വിടാമോ ചേട്ടാ?"

ചുരിദാറിന്റെ ഷാൾ ഉയർത്തി അവൾ
മുഖം അമർത്തി തുടയ്ക്കുന്നത് സിദ്ധാർത്ഥ് റിയർവ്യൂ മിററിലൂടെ കണ്ടു.

അവൻ വേഗത വർദ്ധിപ്പിച്ചു.

''തെങ്ങിൻകാവിൽ എവിടെയാ പോകേണ്ടത്?"

അവൾ സ്ഥലം പറഞ്ഞു.

വീണ്ടും മൗനം.

അല്പം കഴിഞ്ഞ് സിദ്ധാർത്ഥ് തിരക്കി:

''ചോദിക്കുന്നതിൽ ക്ഷമിക്കണം. വല്ലാതെ പരിഭ്രമിക്കുന്നതുപോലെ തോന്നുന്നല്ലോ? എന്തെങ്കിലും പ്രശ്നമുണ്ടോ?

അവൾ മറുപടി പറഞ്ഞില്ല.

തന്നോട് പറയാൻ പറ്റാത്ത കാര്യമാണെന്ന് സിദ്ധാർത്ഥ് അനുമാനിച്ചു.

എന്നാൽ തെല്ല് കഴിഞ്ഞ് അവൾ ചുണ്ടനക്കി.

''നാളെ എന്റെ കല്യാണമാ... അതിന്റെ സ്ത്രീധനത്തുകയാ എന്റെ കയ്യിലുള്ളത്. പെട്ടെന്നു ചെന്നില്ലെങ്കിൽ ചെറുക്കൻ കൂട്ടരങ്ങുപോകും."

സിദ്ധാർത്ഥ് വല്ലാതെ ഒന്നു ഞെട്ടി. അമ്പരപ്പിൽ അവൻ ആ യുവതിയെ തിരിഞ്ഞു നോക്കി.

നിസ്സഹായതയുടെ യഥാർത്ഥ രൂപം അവൻ അവളുടെ മുഖത്തു കണ്ടു.

സ്വന്തം വിവാഹത്തിന് സ്ത്രീധനത്തുകയുമായി ഓടിവരുന്ന യുവതി...

ഈ വിവാഹം നടന്നാത്തന്നെ ഇവളുടെ ഭാവി എന്തായിത്തീരും?

ഓട്ടോ തെങ്ങിൻകാവിനോട് അടുക്കാറായി. തൊട്ടപ്പുറത്ത് കോന്നി ആന സംരക്ഷണ കേന്ദ്രമാണ്.

പെട്ടെന്ന്...

പിന്നാലെ പാഞ്ഞുവന്ന ഒരു ഇന്നോവ കാർ ഹോണടിച്ച് മുന്നിൽ കയറി.

ശേഷം റോഡിൽ വട്ടം തിരിഞ്ഞ് ഓട്ടോയ്ക്കു മുന്നിൽ കുറുകെ ബ്രേക്കിട്ടു.

(തുടരും)