18 വർഷങ്ങൾക്ക് മുമ്പാണ് നീലം കടാര തന്റെ പോരാട്ടം തുടങ്ങിയത്. തന്റെ മകന്റെ ഘാതകർക്ക് ശിക്ഷ വാങ്ങി നൽകുമെന്ന ഉറച്ച പ്രതിജ്ഞയിലായിരുന്നു നീലം. നീണ്ട 14 വർഷങ്ങൾ. ആ പോരാട്ടം വിജയിച്ചു. നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ ഒരമ്മ പോരാട്ടം നടത്തുമ്പോൾ നീലത്തിന്റെ കഥയ്ക്ക് പ്രസക്തിയേറുകയാണ്. ആ കഥയിങ്ങനെ:
രാജ്യത്തെ നടുക്കിയ ദുരഭിമാനക്കൊലയായിരുന്നു നിതീഷ് കടാര എന്ന 25കാരന്റേത്. പ്രതികൾ ഉത്തർപ്രദേശിലെ ഉന്നത രാഷ്ട്രീയ കുടുംബത്തിലെ അംഗങ്ങളും. എന്നാൽ നീലം തളർന്നില്ല. ഉള്ളുരുകുന്ന വേദനയിലും തന്റെ പ്രിയപ്പെട്ട മകനെ കൊലപ്പെടുത്തി കത്തിച്ചു കളഞ്ഞവർക്ക് ശിക്ഷ വാങ്ങി നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു ദുരഭിമാനക്കൊലയ്ക്ക് സുപ്രീംകോടതി 25 വർഷം ജീവപര്യന്തം വിധിക്കുന്നത്.
നടുക്കിയ കൊലപാതകം
23ാം ജന്മദിന ദിവസത്തിന് തൊട്ടുമുമ്പ് എടുത്ത മകൻ നിതീഷ് കടാരയുടെ വലിയ ഒരു ചിത്രം ഡൽഹി ചെംസ്‌ഫോർഡ് റോഡിലെ നീലത്തിന്റെ വീടിന്റെ സ്വീകരണമുറിയിൽ ഇന്നും കാണാം. 2002 ഫെബ്രുവരി 17നാണ് ഡൽഹിയിൽ ബിസിനസ് എക്സിക്യൂട്ടീവ് ആയിരുന്ന നിതീഷ് കൊല്ലപ്പെട്ടത്. ഗാസിയാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ പഠനകാലം മുതൽ നിതീഷും സഹപാഠിയായ ഭാരതി യാദവും പ്രണയത്തിലായിരുന്നു. ഇരു ജാതിയിൽപെട്ടവർ ആയിരുന്നതിനാൽ ഭാരതിയുടെ കുടുംബത്തിന് നിതീഷിനെ ഇഷ്ടമല്ലായിരുന്നു. ഭാരതിയുടെ കുടുംബം നിതീഷിനെ ഭീഷണിപ്പെടുത്തിയെങ്കിലും നിതീഷ് പിന്മാറിയില്ല.
ഉത്തർപ്രദേശിലെ ശക്തനായ രാഷ്ട്രീയ നേതാവ് ഡി.പി. യാദവിന്റെ മകളായിരുന്നു ഭാരതി. കൊലപാതകം നടന്ന ദിവസം നിതീഷും ഭാരതിയും ഒരുമിച്ച് ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഭാരതിയുടെ സഹോദരൻ വികാസും കസിൻ വിശാലും അവിടെയുണ്ടായിരുന്നു. ചടങ്ങിനിടെ വികാസും വിശാലും നിതീഷുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. അന്ന് വികാസും വിശാലും ചേർന്ന് നിതീഷിനെ തട്ടിക്കൊണ്ടു പോയി. പിന്നീട് 3 ദിവസങ്ങൾക്ക് ശേഷം നിതീഷിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ചുറ്റിക ഉപയോഗിച്ച് തലയ്‌ക്ക് മാരകമായി ക്ഷതമേല്‌പിച്ച ശേഷം ഡീസലൊഴിച്ച് കത്തിയ്‌ക്കുകയായിരുന്നു.
നാൾവഴി
2002 മാർച്ച് 31: കൊലയുമായി ബന്ധപ്പെട്ട് നാല് പേജുള്ള ചാർജ് ഷീറ്റ് യു.പി പൊലീസ് ഫയൽ ചെയ്തു.
ഓഗസ്റ്റ് 23: ഗാസിയാബാദിൽ നിന്നും കേസ് സുപ്രീംകോടതിയിലേക്ക്.
മേയ് 30 : വികാസിനും വിശാലിനും ജീവപര്യന്തം ശിക്ഷ വിധിച്ചു.
ജൂലായ് 1: പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നീലം കടാരിയ ഡൽഹി ഹൈക്കോടതിയിൽ.
2014 ഏപ്രിൽ 2 : പ്രതികളായ വികാസ്, വിശാൽ മൂന്നാം പ്രതി സുഖ്ദേവ് പെഹൽവൻ എന്നിവരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.
2015 ഫെബ്രുവരി 6: വികാസിനും വിശാലിനും 30 വർഷം തടവും സിഖ്ദേവിന് 25 വർഷവും ശിക്ഷ ഹൈക്കോടതി വിധിച്ചു.
2015 ഒക്ടോബർ 9: പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നീലം കടാരിയ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
2016, ഒക്ടോബർ 3 : വികാസ്, വിശാൽ എന്നിവർക്ക് 25ഉം മൂന്നാം പ്രതി സുഖ്ദേവിന് 20 വർഷവും പരോളില്ലാതെ ശിക്ഷ വിധിച്ചു.
തളരാത്ത പോരാട്ടം
കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്നു നീലം. ഭർത്താവ് നിഷിദ് ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോൾ യാദവ് കുടുംബത്തിന്റെ ഗുണ്ടകൾ തോക്കുമായാണ് എത്തിയിരുന്നത്. ദിവസവും ഭീഷണിയുമായി കത്തുകളും ഫോൺകോളുകളും നീലത്തിനും കുടുംബത്തിനും ലഭിച്ചു. നീലത്തെയും കുടുംബത്തെയും നിതീഷിനെ പറഞ്ഞയച്ചിടത്തേക്ക് അയയ്‌ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഇതിനിടെ നിതീഷ് മരിച്ച് 18 മാസങ്ങൾക്ക് ശേഷം 2003ൽ നിതീഷിന്റെ പിതാവ് രോഗം ബാധിച്ച് മരിച്ചു. അതോടെ പോരാട്ടത്തിൽ നീലം തനിച്ചായി. ഇളയമകൻ നിതിനു നേരെയും ഭീഷണി ഉയർന്നതോടെ നീലം മകനെ ഫ്രാൻസിലേക്ക് അയച്ചു. സാക്ഷികൾ പലരും കൂറുമാറിയെങ്കിലും നീലം തളർന്നില്ല.
യാദവ് സാമ്രാജ്യത്തിന്റെ വീഴ്ച
നോയിഡയിലെ സാർഫാബാദ് ഗ്രാമം. ദൈവത്തിന്റെ സ്ഥാനമായിരുന്നു യാദവ് കുടുംബത്തിന് ഇവിടെ. ഡി.പി. യാദവ് എന്ന ധരംപാൽ യാദവിന്റെ ഉയർച്ചയുടെ തുടക്കം ഇവിടെ നിന്നാണ്. ഡയറി ഫാമുകളിലേക്ക് പാൽ വിതരണം ചെയ്യുന്ന ജോലിയിലൂടെയാണ് ഡി.പി. യാദവ് തന്റെ ജീവിതം തുടങ്ങുന്നത്. പിന്നീട് വ്യാജമദ്യം കടത്തൽ, ഭൂമിത്തട്ടിപ്പ്, ഭീഷണി, തട്ടിക്കൊണ്ടു പോകൽ, കൊലപാതകങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ വിവാദ നായകനായി. രാഷ്ട്രീയത്തിൽ യാദവിന്റെ ഗുരു മഹേന്ദ്ര ഭട്ടിയായിരുന്നു. 1987ൽ യാദവ് രാഷ്ട്രിയത്തിലേക്ക് കളംമാറ്റി. അതിവേഗം വളർന്ന യാദവ് 'രാഷ്ട്രീയ പരിവർത്തൻ ദൾ' എന്ന പാർട്ടി രൂപീകരിച്ചു. ബുലന്ദ്ശഹറിൽ നിന്നും 3 തവണയും സഹസ്‌വാനിൽ നിന്നും ഒരു തവണയും എം.എൽ.എയായി. രണ്ട് തവണ എം.പിയുമായി. യാദവിന്റെ ഭാര്യ ഉംലേശ് 2007ൽ ബിസൗലി മണ്ഡലത്തിൽ നിന്നും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ആസ്തി മറച്ചുവച്ചതിന് ഇലക്ഷൻ കമ്മിഷൻ അയോഗ്യയാക്കുന്ന ആദ്യത്തെ രാഷട്രീയ നേതാവായി. നിതീഷിന്റെ കൊലപാതകത്തോടെ യാദവ് കുടുംബത്തിന്റെ പതനം ആരംഭിച്ചു. കേസിന് വേണ്ടി യാദവ് ചെലവാക്കിയത് ലക്ഷക്കണക്കിന് രൂപയാണ്.
മകന്റെ ആ തീരുമാനം ...
ഇപ്പോഴും നീലത്തിന്റെ ഉള്ളിലൊരു നിരാശയുണ്ട്. എപ്പോഴും സത്യത്തോടൊപ്പം നില്‌ക്കുകയും അവകാശങ്ങൾക്കായി പോരാടാൻ ഇഷ്ടമുള്ളതുമായ സ്വഭാവക്കാരനായിരുന്നു നിതീഷ്. എന്നാൽ നിതീഷ് ഭാരതിയെ തിരഞ്ഞെടുത്തത് തെറ്റായി പോയി എന്നാണ് നീലം കരുതുന്നത്. ഭാരതിയോട് നീലത്തിന് ദേഷ്യമില്ല. എന്നാൽ നിതീഷിന്റെ മരണശേഷം ഭാരതി കുടുംബത്തോടൊപ്പമാണ് നിന്നത്. മൂന്ന് വർഷത്തോളം ഭാരതിയുടെ അസാന്നിദ്ധ്യം കേസിന്റെ നടപടികൾ വൈകിപ്പിച്ചു. നിതീഷും താനും സുഹൃത്തുക്കൾ മാത്രമായിരുന്നെന്നും തന്റെ സഹോദരൻമാർ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും ഭാരതി കോടതി മുറിയിൽ പറഞ്ഞപ്പോൾ നീലം തകർന്നു പോയി. 2009ൽ ഗൂർഗാവോൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബിസിനസുകാരനെ ഭാരതി വിവാഹം കഴിച്ചു.