fire

ഉള്ളൂർ: സിവിൽ സപ്ലൈസ് പെട്രോൾ പമ്പിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉള്ളൂർ ശാഖയിൽ തീപിടിത്തം. ഇന്നലെ രാവിലെ എട്ടോടെയാണ് ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടിത്തമുണ്ടായത്. തീയും പുകയും ഉയരുന്നതുകണ്ട സമീപവാസികളാണ് പൊലീസിനെയും ഫയ‌ർഫോഴ്സിനെയും വിവരം അറിയിച്ചത്. 6 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. ദേശീയ പണിമുടക്കിനെ തുടർന്ന് ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. കമ്പ്യൂട്ടറിന് സമീപത്തുനിന്നു പടർന്ന തീ നിമിഷനേരം കൊണ്ട് ശാഖയ്ക്കുള്ളിൽ പടരുകയായിരുന്നു. ചെങ്കൽച്ചൂളയിൽ നിന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ വലതുവശത്തെ ജനാലച്ചില്ലുകൾ തകർത്ത് അകത്തേക്ക് വെള്ളം ചീറ്റിയാണ് തീ അണച്ചത്. ബാങ്കിന്റെ പൂട്ടുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് ഫയർഫോഴ്സ് ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാനായത്. പുക ബാങ്കിനുള്ളിൽ തങ്ങി നിന്നതിനാൽ ഓക്‌സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ച ശേഷമാണ് സേനാംഗങ്ങൾ അകത്ത് കയറിയത്. താഴത്തെ നിലയിലെ മാനേജരുടെ കാബിൻ,​ കൗണ്ടറുകൾ,​ കമ്പ്യൂട്ടറുകൾ, മേശകൾ, എ.സി, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫയലുകൾ തുടങ്ങിയവ ഭാഗികമായി കത്തിനശിച്ചു. ഇടപാടുകാരുമായി ബന്ധപ്പെട്ട ഫയലുകളും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. എന്നാൽ ബാങ്കിന്റെ സർവറുകളിൽ രേഖകളുടെ പകർപ്പുള്ളതിനാൽ ഇടപാടുകാർ ആശങ്കപ്പെടേണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. സ്ട്രോംഗ് റൂം,​ ലോക്കർ എന്നിവയുള്ള മുകളിലത്തെ നിലയിലേക്ക് തീ പടർന്നില്ല. സമീപത്ത് പെട്രോൾ പമ്പ് ഉണ്ടായിരുന്നത് ആശങ്കപരത്തിയെങ്കിലും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുവരെ ഇടപാടുകാർ സമീപത്തെ മറ്റു ശാഖകളെ ആശ്രയിക്കണമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.