കല്ലമ്പലം: പുലർച്ചെ അമിതവേഗത്തിൽ ചീറിപ്പായുന്ന ടിപ്പർ ലോറികൾ പള്ളിക്കലിൽ അപകടഭീതിയുണ്ടാക്കുന്നതായി പരാതി. അടുത്ത സമയത്ത് പാറയുമായി പാഞ്ഞുപോയ ലോറിയുടെ പിന്നിൽ നിന്നും വലിയ പാറ കഷണങ്ങൾ റോഡിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. ലോറി നിറുത്താതെ പോവുകയും നാട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഒരു മാസം മുൻപ് പ്രഭാതസവാരിക്കിറങ്ങിയ പള്ളിക്കൽ സ്വദേശി പുരുഷോത്തമൻ പിള്ള ടിപ്പർ തട്ടിയതിനെ തുടർന്ന്‍ വീണ് പരുക്കേറ്റിരുന്നു. കാലിനു സാരമായി പരുക്കേറ്റ അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. ഇടിച്ച ടിപ്പർ നിറുത്താതെ പോയി. അപകടങ്ങൾ നിത്യവും നടക്കുന്നുണ്ടെങ്കിലും പലതും പുറം ലോകമറിയുന്നില്ല. അതിനാൽ നിയമലംഘനങ്ങൾ പെരുകുന്നതായാണ് പരാതി. രാവിലെ ഏഴുമുതൽ സ്കൂൾ ബസുകൾ നിരത്തിലിറങ്ങി തുടങ്ങും. ഈ സമയത്താണ് ടിപ്പറുകൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നത്. നാട്ടുകാർ പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ പേരിലാണ് ആദ്യമൊക്കെ വിവിധ ക്വാറികളിൽ നിന്നും പാറകൾ കൊണ്ടു പോയിരുന്നെങ്കിലും പല ലോഡുകളും കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ലോറികൾ പെർമിറ്റ് ഇല്ലാതെയാണ് ഓടുന്നതെന്ന പരാതിയുമുണ്ട്. ഒരു പാസ് ഉപയോഗിച്ച് ഒറ്റത്തവണ മാത്രമേ ലോഡ് കൊണ്ടുപോകാൻ നിയമമുള്ളൂവെങ്കിലും അതേ പാസിൽ തന്നെ ഇവർ പല ലോഡുകൾ കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്വാറിക്കാരും ടിപ്പർലോറി ഉടമകളുമായുള്ള ഒത്തുകളിയാണിതിന് പിന്നിലെന്നാണ് ആരോപണം. അപകടങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.