മുടപുരം: ശിവകൃഷ്‌ണപുരം ശിവകൃഷ്‌ണക്ഷേത്രത്തിലെ രോഹിണി - അത്തം മഹോത്സവം 4 മുതൽ 13 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.15ന് അണിവാകച്ചാർത്ത്, 8.30ന് ഭാഗവതപാരായണം, 8.45ന് ശ്രീഭൂതബലി. 9ന് ചതുർശുദ്ധി, 11.30ന് സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കും. 4ന് രാവിലെ 10ന് ക്ഷേത്ര തന്ത്രി മധുസൂദനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, വൈകിട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ ഉദ്‌ഘാടനം ചെയ്യും. ഡോ. ജോർജ്ജ് ഓണക്കൂർ മുഖ്യപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തും. ചിറയിൻകീഴ് സി.ഐ എച്ച്.എൽ. സജീഷ് വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. മണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ. ബി. സീരപാണി, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ എന്നിവർ സംസാരിക്കും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്. സിൻകുമാർ ആമുഖ പ്രസംഗം നടത്തും. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്. മോഹൻകുമാർ സ്വാഗതവും കൺവീനർ പി. സുരേഷ്ബാബു നന്ദിയും പറയും. രാത്രി 8.30ന് നൃത്തനൃത്യങ്ങൾ, 5ന് വൈകിട്ട് 6.30ന് ഭഗവതിസേവ, രാത്രി 8.30 മുതൽ വില്പാട്ട്. 6ന് വൈകിട്ട് 6.30ന് ചിദംബരപൂജ, 6.45ന് തിരുവാതിരക്കളി. രാത്രി 8.30 മുതൽ നാടൻപാട്ടും മെഗാഷോയും. 7ന് വൈകിട്ട് 5.30ന് സർവ ഐശ്വര്യപൂജ, 6ന് ബ്രഹ്മരക്ഷസിന് പൂപ്പട, രാത്രി 8.30ന് ഗാനമേള. 8ന് വൈകിട്ട് 6ന് സംഗീതാർച്ചന, രാത്രി 8.30ന് നാടകം. 9ന് രാവിലെ 11ന് നാഗരൂട്ട്, വൈകിട്ട് 6ന് പൗർണമി പൊങ്കാല, രാത്രി 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. 10ന് വൈകിട്ട് 5.30ന് കാഴ്ചശ്രീവേലി, 6.30ന് ദുർഗാപൂജ, ഭഗവതി സേവ, രാത്രി 8.45ന് നൃത്ത നാടകം. 11ന് വൈകിട്ട് 6ന് ഭദ്രകാളിപൂജ, രാത്രി 8ന് നാടകം. 12ന് രാവിലെ 7ന് അയ്യപ്പഭഗവാന് നെയ്യഭിഷേകം, 9.30ന് സമൂഹപൊങ്കാല, രാത്രി 8ന് പള്ളിവേട്ട, 9ന് ഗാനമേള, 13ന് രാവിലെ 6.30ന് മഹാമൃത്യുഞ്ജയ ഹോമം, ഉച്ചയ്‌ക്ക് 1.30ന് ഉറിയടി, 2.30ന് തിരുവാറാട്ട് ഘോഷയാത്ര, വൈകിട്ട് 6ന് ഓട്ടംതുള്ളൽ, രാത്രി 8.45ന് സ്‌പെഷ്യൽ ചമയവിളക്ക്, 9ന് തൃക്കൊടികളിറക്ക്, 10.30ന് നട അടക്കൽ, തുടർന്ന് ഗാനമേള.