feb01b

ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരി പാത വികസന കോ- ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. താലൂക്ക് ആസ്ഥാനത്ത് നടന്ന യോഗത്തിന് അഡ്വ. ബി.സത്യൻ എം.എൽ.എ,​ നഗസഭാ ചെയർമാൻ എം.പ്രദീപ് എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 5 മുതൽ നിർമ്മാണം പൂർണമായി ആരംഭിക്കാൻ യോഗം തീരുമാനിച്ചു. രാത്രി 8 മുതൽ പുലർച്ചെ 6 വരെയാണ് പണി നടക്കുക. ഈ സമയം ഗതാഗത ക്രമീകരണം ഏർപ്പെടുത്താനും തീരുമാനമായി.റോഡിലൂടെ കടന്നുപോകുന്ന വിവിധ മൊബൈൽ കമ്പനികളുടെ കേബിളുകൾ കമ്പനി പ്രതിനിധികളുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാനും റോഡ് വികസനത്തിന് തടസമായി നിൽക്കുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും വാട്ടർ അതോറിട്ടിയുടെ ഹൗസ് കണക്ഷൻ വരുന്ന ഭാഗങ്ങളിൽ പൈപ്പ് ലൈനിൽ വരുന്ന കേടുപാടുകൾ തീർക്കാനും തീരുമാനിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്ന സ്ഥലങ്ങളിൽ തർക്കം വരുന്ന സ്ഥലങ്ങളിൽ തഹസിൽദാർ ഇടപെട്ട് അവ പരിഹരിക്കും.എല്ലാ വകുപ്പു തല ഉദ്യോഗസ്ഥരും അംഗങ്ങളായുള്ള കോ ഓർഡ‌ിനേഷൻ കമ്മിറ്റിയാണ് ഇതിനായി പ്രവർത്തിക്കുക. ബി.സത്യൻ എം.എൽ.എ യെ കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുത്തു. എൻ.എച്ച്.വിഭാഗത്തിനായും നിർമ്മാണ കമ്പനിയ്ക്കുവേണ്ടിയും താലൂക്ക് ഓഫീസിൽ സൈറ്റ് ഓഫീസ് തുറക്കാനും യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളിൽ നിന്നും 24 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കരാർ... റിവൈവ് കമ്പനി (കിളിമാനൂർ )

കരാർത്തുക.... 19 കോടി

 നിർമ്മാണ കാലാവധി...18 മാസം

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ലഭിക്കുന്ന മണ്ണ് ദേശീയപാതയിൽ പൂവൻപാറ ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കാനാണ് തീരുമാനം. നിർമ്മാണ വേളയിൽ തടസമായി വരുന്ന മരങ്ങൾ ഫോറസ്റ്റ് വകുപ്പിന്റെ സഹായത്തോടെ അനുമതി വാങ്ങി മുറിച്ചു മാറ്റും.

ഫെബ്രുവരി 5 മുതൽ രാത്രി 8 മുതൽ രാവിലെ 6 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.

തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പാലസ് റോഡ് വഴി മണനാക്കിലേയ്ക്കും അവിടെ നിന്ന് ആലംകോടേയ്ക്കും തിരിച്ചു വിടും. കൊല്ലത്തു നിന്നും ആറ്റിങ്ങൽ,​ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ നിലവിലെ റോഡുവഴിതന്നെ കടത്തി വിടും.

കെ.എസ്.ആർ.ടി.സി,​ പ്രൈവറ്റ് ബസ് എന്നിവയുടെ അധികൃതർ പ്രത്യേക യോഗം ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം...

---ബി.സത്യൻ എം.എൽ.എ