pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര ബഡ്ജറ്റ് അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ സംഘങ്ങൾക്ക് മേൽ 22 ശതമാനം നികുതിയും സർച്ചാർജും എന്ന നിർദ്ദേശം ആപത്കരമാണ്. കേന്ദ്ര നികുതിയിൽ നിന്നുള്ള സംസ്ഥാന ഓഹരിയിൽ വലിയ ഇടിവു വരുന്നതും ഉത്കണ്ഠാജനകമാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതലായി വിറ്റഴിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബഡ്ജറ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. അർഹമായ ജി.എസ്.ടി വിഹിതം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളിൽ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾ കവരാനും ശ്രമിക്കുന്നു.

സെമി ഹൈ സ്പീഡ് കോറിഡോർ, അങ്കമാലി-ശബരി റെയിൽപാത, ജി.എസ്.ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയർത്തൽ, റബർ സബ്‌സിഡി ഉയർത്തൽ, എയിംസ്, ദേശീയപാതാ വികസനം, പ്രവാസി പുനരധിവാസം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.

ബഡ്ജറ്റിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്നു പോലുമില്ല. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷ ഉറപ്പിക്കുന്നതോ അല്ല, മറിച്ച് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിപ്പിക്കുന്നതാണ് ബഡ്ജറ്റ്.