general

ബാലരാമപുരം: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കൂട്ടുകാർക്ക് കാരുണ്യസ്പർശമായി ചങ്ങാതിക്കൂട്ടമെത്തി. സമഗ്ര ശിക്ഷ കേരള ബാലരാമപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നേശേഷിയുള്ള നാല് കൂട്ടുകാരുടെ വീടുകളിൽ കൈനിറയെ സമ്മാനങ്ങളും പഠനസാമഗ്രികളുമായി വിദ്യാർത്ഥികളെത്തിയത്. എം.എസ്.എസി.എൽ.പി.എസിലെ അഷ്ബാക്ക്,​ വെങ്ങാനൂർ സെന്റ് അലോഷ്യസ് എൽ.പി.എസിലെ കാർത്തിക,​ മുടിപ്പുരനട എൽ.പി.എസിലെ അജീഷ്,​ മരുതൂർക്കോണം പി.ടി.എം വി.എച്ച്.എസ് എസിലെ ദിവിൻ എന്നീ കുട്ടികളാണ് വിവിധ വൈകല്യങ്ങൾ കാരണം സ്കൂളിലെത്താനാകാതെ വീട്ടിൽ കഴിയുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി റിസോഴ്സ് അദ്ധ്യാപകർ ഭിന്നേശേഷി വിദ്യാർത്ഥികളുടെ സ്കൂളിലെത്തി പഠനപ്രവർത്തനങ്ങൾ നൽകാറുണ്ട്. ഇവർക്കാവശ്യമായ സി.പി ചെയർ,​ വാക്കർ,​ ഫിസിയോ ബാൾ,​ കിടക്കകൾ തുടങ്ങിയവയാണ് കുട്ടികൾ സമ്മാനിച്ചത്. ബാലരാമപുരത്ത് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ രത്നകുമാർ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ ഡി.പി.ഒ ശ്രീകുമാരൻ,​ ബി.പി.ഒ എസ്.ജി. അനീഷ്,​ എസ്.എൽ. റെജി,​ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയകുമാരി,​ വാർഡ് മെമ്പർ മിനി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.