road

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂർകോണം ഏലാ - കാഷ്യൂ ഫാക്ടറി റോഡ്‌ നിർമ്മാണം അവസാനഘട്ടത്തിൽ. നാവായിക്കുളം പഞ്ചായത്തിലെ 4,5,6,7 വാർഡുകളിലെ കർഷകർക്ക് പ്രയോജനപ്പെടുന്ന പാത എന്ന നിലയിൽ പ്രദേശത്തെ വികസനം മുന്നിൽ കണ്ടുകൊണ്ട് ജനകീയസമിതി രൂപീകരിച്ചാണ് നിർമാണങ്ങൾ ആരംഭിച്ചത്. മുക്കുകട – കപ്പാംവിള റോഡിന്റെ കുണ്ടൂർകോണം പാലം കഴിഞ്ഞ് അയിരൂർ നദിയുടെ ഭാഗമായ തോടിനും വെള്ളൂർകോണം ഏലായ്ക്കും ഇടയിലൂടെ ഏകദേശം രണ്ടേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ കാഷ്യു ഫാക്ടറിക്ക് സമീപം എത്തുന്ന നിലയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഇപ്പോൾ ഇലന്തൂർ പാലം വരെ ഏകദേശം 1750 മീറ്റർ റോഡ്‌ പണിപൂർത്തിയായി. റോഡ്‌ ഭരണിക്കാവ് ഏലായിലൂടെ തട്ടുപാലം വരെ എത്തിച്ചാൽ നാവായിക്കുളം പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് മുതൽ കുട്ടാകും എന്നാണ് പ്രതീക്ഷ. നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട, വെള്ളൂർകോണം, തൃക്കോവിൽവട്ടം വാർഡുകളെ ബന്ധിപ്പിക്കുന്ന ഈപാത നാട്ടുകാരുടെ ചിരകാലസ്വപ്നമാണ്. വെള്ളൂർകോണം ഏലായിലെ നടവരമ്പിനോട് ചേർന്നുള്ള പുറംമ്പോക്ക് ഭൂമി വർക്കല താലൂക്ക് സർവേ ടീം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ജനകീയസമിതി രൂപീകരിച്ച് സംഭാവന പിരിച്ച് റോഡ്‌ പണി ആരംഭിച്ചത്. പൊതുജന സഹകരണത്തോടെ ആരംഭിച്ച നിർമാണം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി ഉദ്ഘാടനം ചെയ്തു.

ഏലായുടെ തുടക്കം മുതൽ അവസാനം വരെ കർഷകർക്ക് പ്രയോജനപ്പെടുന്ന ഫാം റോഡ്‌ നിർമിച്ചാൽ ട്രാക്ടർ, കൊയ്ത്ത് യന്ത്രം എന്നിവ വയലിൽ ഇറക്കാനും കൊയ്ത് എടുത്ത കറ്റകളും മറ്റ് വിളകളും എളുപ്പത്തിൽ കൊണ്ടുപോകാനും കഴിയും. നാടിന് വളരെ പ്രയോജനകരമായ ഫാംറോഡിന്റെ പൂർത്തികരണത്തിനായി അകാന്ത പരിശ്രമത്തിലാണ് നാട്ടുകാർ.