traffic-block

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു സംഘടന ഇന്നലെ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിനെ തുടർന്ന് നഗരത്തിൽ ജനങ്ങൾ വലഞ്ഞു. രാജ്ഭവന് സമീപം നടുറോഡിൽ പന്തലിട്ടായിരുന്നു പ്രതിഷേധം. കിഴക്കേകോട്ടയിൽ നിന്ന് വൈകിട്ട് മൂന്നിനാണ് മാർച്ച് ആരംഭിച്ചതെങ്കിലും അതിനും മണിക്കൂറുകൾക്ക് മുമ്പേ പ്രവർത്തകർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചതോടെ നഗരത്തിൽ വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ മണിക്കൂറുകളോളമാണ് കുരുക്കിൽപ്പെട്ടത്. രാജ്ഭവന് മുന്നിൽ പതിവ് പോലെ പ്രതിഷേധങ്ങൾ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും അപ്പോഴേക്കും പൊലീസിനെ കാഴ്ചക്കാരാക്കി സമരക്കാർ ബാരിക്കേഡിന് മുന്നിൽ റോഡിന് കുറുകെ പന്തലിട്ടു. പ്രതിഷേധ പരിപാടികൾക്ക് രാജ്ഭവന് മുന്നിൽ പന്തൽ സ്ഥാപിക്കാറുണ്ടെങ്കിലും അത് റോഡിന്റെ ഒരുവശത്തായിരിക്കും. അതിനാൽ പ്രതിഷേധം പൊലീസ് തടയുന്നത് വരെ പ്രദേശത്ത് ഗതാഗതം തടസപ്പെടില്ല. എന്നാൽ ഇന്നലെ സ്ഥിതി മറ്റൊന്നായിരുന്നു. മാർച്ച് ആരംഭിച്ചത് മുതൽ ഗതാഗത നിയന്ത്രണം സമരവോളന്റിയർമാർ ഏറ്റെടുത്തു. ഇടവഴികൾ നിന്നും ഇരുചക്ര വാഹനങ്ങൾ പോലും പ്രധാനറോഡിലേക്ക് കടത്തിവിട്ടില്ല. അഞ്ചുമണിയോടെ മാർച്ച് രാജ്ഭവന് സമീപം എത്തിയതോടെ നഗരത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മാർച്ചിനോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല. രാത്രി ഏഴിന് പരിപാടി അവസാനിക്കുന്നതുവരെ നഗരം സമരക്കാരുടെ നിയന്ത്രണത്തിലായിരുന്നു.