kovalam

കോവളം: റോഡ് നിർമ്മാണത്തിനാവശ്യമായ ചെളിമണ്ണ് ലഭിക്കാത്തതിനെ തുടർന്ന് മാർച്ചിൽ തുറന്ന് കൊടുക്കാൻ ലക്ഷ്യമിട്ടിരുന്ന വിഴിഞ്ഞം - മുക്കോല - കാരോട് ബൈപ്പാസിലെ കോൺക്രീറ്റ് റോഡിന്റെ പണികൾ നീളും. റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടമായ മണ്ണിട്ട് നിരപ്പാക്കലിന് ആവശ്യമായ ചെളിമണ്ണ് കിട്ടാത്തതിനാൽ തുടർ നിർമ്മാണവും വൈകുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. മലകൾ തുരന്ന് റോഡ് നിർമ്മാണത്തിനുളള മണ്ണെടുക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി പത്രം വേണം. ഇതിനുളള എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ മണ്ണെടുക്കൽ പുനരാരംഭിക്കാനാകൂ. ഇക്കാരണത്താലാണ് ചെമ്മണ്ണ് ഇട്ട് നിരപ്പാക്കുന്ന ജോലികൾ താത്കാലികമായി നിറുത്തിവച്ചതെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. ബൈപ്പാസിൽ വിഴിഞ്ഞം - മുക്കോല - തലക്കോട് - കാരോട് വരെയുളള 16 കിലോമീറ്റർ ദൂരത്തിലാണ് കോൺക്രീറ്റ് റോഡ് നിർമ്മിക്കേണ്ടത്. ഇതിൽ മുക്കോല - പയറുംമൂട് ഭാഗത്ത് എട്ട് കിലോമീറ്റർ ദൂരത്തിലുളള കോൺക്രീറ്റ് റോഡ് പൂർത്തിയാക്കി. എന്നാൽ മണ്ണിന്റെ ക്ഷാമം കാരണം പയറുംമൂട് കഴിഞ്ഞുളള കോട്ടുകാൽ മേഖലയിൽ ചെളിമണ്ണിട്ട് നിരത്തുന്ന ജോലികൾ 50 ശതമാനമേ പൂർത്തിയായിട്ടുളളൂ. പയറുംമൂട് ഭാഗത്തെ വിഴിഞ്ഞം മുക്കോലയുമായി ബന്ധിപ്പിക്കുന്നതിനുളള പാലം പണിയുടെ ആദ്യഘട്ടം തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ ഡിവൈഡർ, അനുബന്ധ ചെറുപാലങ്ങൾ, മേൽപ്പാലങ്ങൾ, അടിപ്പാതകൾ, പൈപ്പ് കൾവെർട്ടുകൾ അടക്കമുളളവ പൂർത്തിയാക്കാനാകും. 16 കിലോമീറ്റർ കോൺക്രീറ്റ് റോഡ് കടന്നുപോകുന്ന പലയിടങ്ങളിലും റോഡിന്റെ ഇരുവശത്തുമുളള മലകളെ മണ്ണിടിച്ചിലിൽ നിന്ന് സംരക്ഷിക്കുന്നതിന് കമ്പിയും സിമന്റും ഉപയോഗിച്ച് ബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയായ സോയിൽ നെയിലിംഗ് പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു.