കിളിമാനൂർ: വേനൽച്ചൂടും കുടിവെള്ള ക്ഷാമവും കാരണം പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ വന്യമൃഗങ്ങൾ വേട്ടയാടുന്നു. കാടിറങ്ങി വരുന്ന കാട്ടു മൃഗങ്ങൾ ഇവരുടെ ജീവിതം കൂടുതൽ ദുസഹമാക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി പന്നി ശല്യമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കാടിറങ്ങി വരുന്ന വാനരന്മാർ വിളകളും വീടും വീട്ടുപകരണങ്ങളുമെല്ലാം തകർത്തെറിയുകയാണ്.വനത്തിനുള്ളിൽ വേനൽ കനത്തതോടെ ആഹാരം തേടിയെത്തുന്ന വന്യമൃഗങ്ങൾ കാർഷിക വിഭവങ്ങളെല്ലാം നശിപ്പിക്കുകയാണ്.
ആദ്യകാലങ്ങളിൽ മനുഷ്യനെ പേടിയായിരുന്നു ഇവ ഇപോൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. ഓടിട്ട വീടുകളിൽ ഓട് പൊളിച്ചിറങ്ങി ആഹാര സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് കൊണ്ട് പോകുന്നതും പതിവാണ്. കുടിവെള്ളം കിട്ടാകനിയാകുന്ന ഈ കാലത്ത് വൻ തുക കൊടുത്ത് വാങ്ങി ടാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കുടിവെള്ളം ടാങ്കിന്റെ മൂടി തുറന്ന് ഇറങ്ങി കുളിക്കുന്നതും ,പൈപ്പ് ലൈനുകൾ നശിപ്പിക്കുന്നതും പതിവാകുന്നു. ആക്രമിക്കാൻ തുടങ്ങിയതോട ഈ വേനലവധിക്ക് കുട്ടികളെ തനിച്ച് കളിക്കാൻ പുറത്ത് വിടാൻ വരെ പേടിയിലാണ് രക്ഷകർത്താക്കൾ.
ചക്കയും മാങ്ങയും
നാട്ടിൽ ചക്കയുടെയും മാങ്ങയുടെയും സീസൺ ആയതോടെ ഉൾപ്രദേശങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേയ്ക്ക് കുരങ്ങുകൾ കൂട്ടത്തോടെ എത്തുകയാണ്. പറമ്പിലേക്ക് കൂട്ടമായെത്തുന്ന ഇവ പ്ലാവിൽക്കയറി മൂപ്പെത്തിയ ചക്കകൾ തുരന്ന് ചുളകൾ കഴിക്കുന്നു. പഴുത്ത ചക്കകൾ അടർത്തിയിട്ട ശേഷം കൂട്ടമായി ഭക്ഷിക്കുകയും ചെയ്യുന്നു. തെങ്ങിൽക്കയറി കരിക്കും വലിച്ചിട്ട് കുടിക്കും. പാകമായ മാങ്ങയും ഇഴറ്റകൾ ഭക്ഷണമാക്കുകയാണ്. ചക്കയുടേയും മാങ്ങയുടേയും മണം പിടിച്ചെത്തുന്ന ഇവറ്റകളെ തുരത്താൻ മാർഗ്ഗങ്ങൾ തേടി നടക്കുകയാണ് വീട്ടുകാർ.
ദുരിത പർവം
കാർഷിക വിഭവങ്ങൾ നശിപ്പിക്കുന്നു
വീട്ടിനുള്ളിൽ അതിക്രമിച്ച് കയറും
ആഹാര സാധനങ്ങൾ നശിപ്പിക്കും
ആക്രമണ സ്വഭാവം
കുടിവെള്ളം മുട്ടിക്കും
വാനര ശല്യം ഇവിടെ
കിളിമാനൂർ മേഖല
ചിറ്റിലഴികം
ചാരുപാറ
ചാവേറ്റിക്കാട്
തട്ടത്തുമല
തൊട്ടി വിള
നെല്ലിക്കുന്ന്
കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികൾക്ക് ,കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണം കൊണ്ട് ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണുള്ളത്. വന്യ മൃഗങ്ങളിൽ നിന്നും കാർഷിക വിളകൾക്ക് സംരക്ഷണം നൽകണം.
--അടയമൺ മുരളി, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി).