തിരുവനന്തപുരം: സാധാരണക്കാരെയും പാവപ്പെട്ടവരെയും മറന്ന് കോർപറേറ്റുകളെ വാരിപ്പുണർന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി ഏർപ്പെടുത്തിയത് സാധാരണക്കാരുടെ വയറ്റത്തടിച്ചാണ്.
രാജ്യത്തിന്റെ നെടുംതൂണായി കരുതപ്പെടുന്ന എൽ.ഐ.സി പോലും സ്വകാര്യവത്കരിക്കപ്പെടുന്നു. ബാങ്കുകൾ, മെഡിക്കൽ കോളേജുകൾ, റെയിൽവേ, വിദ്യാഭ്യാസം തുടങ്ങി സ്വകാര്യവത്കരിക്കാത്ത മേഖലകളില്ല. മുതലാളിത്ത രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന സ്വകാര്യവത്കരണ നടപടികളാണ് പ്രഖ്യാപിച്ചത്.
ബഡ്ജറ്റിൽ കൊട്ടിഘോഷിക്കുന്ന ആദായനികുതി ഇളവിൽപ്പോലും കടുത്ത വ്യവസ്ഥകളുണ്ട്. സാമ്പത്തിക മാന്ദ്യം, അതിരൂക്ഷമായ തൊഴിലില്ലായ്മ, കാർഷിക, വ്യാവസായിക സേവന മേഖലകളുടെ തകർച്ച തുടങ്ങിയ രോഗഗ്രസ്തമായ ഒരു സമ്പദ്ഘടനയുടെ ചിത്രമാണ് സാമ്പത്തിക സർവേയിൽ കണ്ടത്. എന്നാൽ അതിനൊന്നും പരിഹാരം ബഡ്ജറ്റിൽ നിർദ്ദേശിക്കുന്നില്ല. ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതും ദാരിദ്ര്യ നിർമ്മാജന പരിപാടികളിൽ സുപ്രധാനവുമായ ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശിക്കാത്തത് പ്രതിഷേധാർഹമാണ്. ബഡ്ജറ്റ് അവതരിപ്പിച്ച ഉടനെ ഓഹരി വിപണി കൂപ്പുകുത്തിയതിൽ നിന്നുതന്നെ ബഡ്ജറ്റിന്റെ ഫലപ്രാപ്തിയെപ്പറ്റി ആശങ്കയുയർത്തുന്നു.