budget

രണ്ടാം ഘട്ടത്തിൽ തിരു-ബംഗളൂരു, എറണാകുളം-മുംബെയ് ട്രെയിനുകൾ

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച തേജസ് മോഡൽ ട്രെയിനുകളും പൊതുസ്വകാര്യ പങ്കാളിത്തമുള്ള ട്രെയിനുകളും സംസ്ഥാനത്തിന് ലഭിക്കും. തേജസ് മോഡൽ സ്വകാര്യ ട്രെയിൻ സർവീസിനായി തിരുവനന്തപുരം-ഗോഹട്ടി,​ തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് പരിഗണനയിലുള്ളതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ട്രെയിൻ സർവീസുകളുടെ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം-ബംഗളൂരു, എറണാകുളം-മുംബെയ് (കൊങ്കൺ വഴി), ചെന്നൈ-മംഗളൂരു റൂട്ടുകളിലും പുതിയ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.

വിനോദ സഞ്ചാരകേന്ദ്രങ്ങൾ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് എന്ന നിലയ്ക്ക് വാസ്കോയിൽ (ഗോവ)​ നിന്നു എറണാകുളത്തേക്കോ കന്യാകുമാരിയിലേക്കോ ഒരു ട്രെയിൻ ലഭിക്കാനും ഇടയുണ്ട്. ഈ രണ്ട് റൂട്ടുകളിലും ട്രെയിൻ വേണമെന്നത് സംസ്ഥാന സർക്കാരിന്റെ ദീർഘനാളായുള്ള ആവശ്യമാണ്.

പ്രമുഖ വിനോദ സഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തേജസ് എക്സ്‌പ്രസ് പോലെയുള്ള ആധുനിക ട്രെയിനുകൾ ഓടിക്കാനുള്ള തീരുമാനം സംസ്ഥാനത്തിനു ഗുണം ചെയ്യും. എ.സി ചെയർ കോച്ചുകളുള്ള തേജസ് ട്രെയിനുകൾ നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്നില്ല.

വൈദ്യുതീകരണം, കന്യാകുമാരിയിലേക്കുള്ള പാതയിരട്ടിപ്പിക്കൽ, നേമം, കൊച്ചുവേളി വികസനം തുടങ്ങിയവയ്ക്ക് എത്ര തുക അനുവദിച്ചുവെന്ന് വരുംദിവസങ്ങളിലേ അറിയാനാകൂ. കേരളത്തിലെ റെയിൽവേ പദ്ധതികൾ സംബന്ധിച്ച് വിവരങ്ങളുള്ള ബഡ്ജറ്റ് രേഖ (പിങ്ക് ബുക്ക്) റെയിൽവേ മന്ത്രാലയം പുറത്തിറക്കുമ്പോൾ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.

തേജസ് വന്നാൽ

ശതാബ്ദി എക്സ്‌പ്രസുകളെക്കാൾ മെച്ചപ്പെട്ട ഇന്റീരിയറും എൽ.സി.ഡി സ്‌ക്രീനുകളുമുള്ള തേജസ് എക്‌സ്‌പ്രസ് വേഗം കൂടിയ റൂട്ടുകളിലാണ് ഇതുവരെ ഓടിച്ചിരുന്നത്. കേരളത്തിൽ ഷൊർണൂർ-എറണാകുളം സെക്ഷനിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ മാത്രമാണ്. മംഗളുരു-ഷൊർണൂർ പാതയിൽ മാത്രമാണ് വേഗം 110 കിലോമീറ്ററുള്ളത്. അതുകൊണ്ടാണ് തേജസ് എക്സ്‌പ്രസ് കേരളത്തിലേക്ക് ഓടിക്കാൻ റെയിൽവേ തയാറാകാതിരുന്നത്. പാത ഇരട്ടിപ്പിക്കൽ പൂർണമാകുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

കന്യാകുമാരി- വാസ്കോ

കന്യാകുമാരി-വാസ്‌കോ സർവീസ് ആരംഭിച്ചാൽ തിരുവനന്തപുരം (ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, കോവളം), വർക്കല (ശിവഗിരി), ചെങ്ങന്നൂർ (ശബരിമല, പരുമല), കോട്ടയം (ശബരിമല), അങ്കമാലി (കാലടി), തൃശൂർ (ഗുരുവായൂർ), ബൈന്ദൂർ (മുംകാംബിക) എന്നിങ്ങനെ തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിനോടിക്കാൻ കഴിയും.