general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ ഇടമനക്കുഴി വാർഡിലെ തേക്കേക്കുളത്ത് കുടിവെള്ളം കിട്ടാക്കനിയെന്ന് നാട്ടുകാർ. പൈപ്പ് ലൈനിൽ മാലിന്യം കണ്ടെത്തിയതിനെതുടർന്ന് ഈ ഭാഗത്തെ കണക്ഷൻ നാല് മാസം മുമ്പ് വിച്ഛേദിച്ചിട്ട് ഇതുവരെയും പുന:സ്ഥാപിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. തെക്കേക്കുളത്തെ മുപ്പതോളം കുടുമ്പങ്ങൾ കുടിവെള്ളം കിട്ടാതെ പരക്കം പായുകയാണ്. കന്നാസുകളിലും ടാങ്കിലും വില കൊടുത്താണ് മിക്കവരും വീട്ടാവശ്യത്തിനായി കുടിവെള്ളം ശേഖരിക്കുന്നത്. വാട്ടർ അതോറിട്ടി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും തെക്കേക്കുളം റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടും. തേക്കേക്കുളം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം സതീഷ്,​ കമ്മിറ്റിയംഗങ്ങളായ മുനീർ,​ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ആറാലുംമൂട് വാട്ടർ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. എത്രയും വേഗം കുടിവെള്ളവിതരണം പുന:സ്ഥാപിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസീയറോട് ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ ഓടക്ക് അടിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ മെയിന്റെനൻസ് വർക്കിന് ഭീമമായ തുക വേണ്ടിവരുമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും പഞ്ചായത്തിൽ ഭീമമായ തുക വാട്ടർ അതോറിട്ടിക്ക് അടക്കേണ്ടതുണ്ട്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുടിവെള്ള ക്ഷാമത്തിന് താത്കാലിക പരിഹാരം കാണണമെന്നും അസോസിയേഷൻ പ്രസിഡന്റ് ബാലരാമപുരം സതീഷ് ആവശ്യപ്പെട്ടു.