മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറു ദിനം തൊഴിൽ നൽകാത്തതിലും, കഴിഞ്ഞ എട്ട് മാസമായി വേതനം നൽകാത്തതിലും പ്രതിഷേധിച്ച് അഴൂർ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ അഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
പെരുങ്ങുഴി നാലുമുക്കിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് ഗേറ്റ് അടച്ച് പൊലീസ് സമരക്കാരെ റോഡിൽ തടഞ്ഞു. ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരും പൊലീസും തമ്മിൽ ഉന്തും, തള്ളും ഉണ്ടായി. തുടർന്ന് നേതാക്കളെത്തി പ്രവർത്തകരെയും തൊഴിലാളികളെയും പിന്തിരിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാനം ചെയ്തു. അഴൂർ പഞ്ചായത്ത് കമ്മിറ്റി 8 മാസമായി ചെയ്ത ജോലിക്ക് കൂലിനൽകാതെ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കൊയ്ത്തൂർക്കോണം സുന്ദരൻ,കെ. ഓമന,ജി.സുരേന്ദ്രൻ, മുട്ടപ്പലം സജിത്ത്, എ.ആർ.നിസാർ, എസ്. വസന്തകുമാരി, മാടൻവിള നൗഷാദ്, എസ്.ജി.അനിൽകുമാർ, രജ്ഞിത്ത് പെരുങ്ങുഴി, മധു പെരുങ്ങുഴി, അജു കൊച്ചാലുമ്മൂട്, അഖിൽ അഴൂർ, രാഹുൽ അഴൂർ, പി.ബിജി, അഴൂർ രാജു, അർഷാദ് കൊട്ടാരം തുരുത്ത്, പി.ഷീജ, റസിയ സലിം ,ബബിത മനോജ്, രാജീവ് നാലുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.