airport

തിരുവനന്തപുരം :സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചൈനയിൽ നിന്നു തലസ്ഥാനത്ത് എത്തുന്നവരിൽ സംശയം തോന്നുവരെ കൊറോണ ക്ലിനിക്കിലേക്ക് എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. വൈറസ്ബാധ സംശയിക്കുന്നവരെ എയർപോർട്ടിൽ നിന്നു ആശുപത്രിയിലെത്തിക്കാൻ 24 മണിക്കൂറും രണ്ട് 108 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയിൽ ഇറക്കിയാലുടൻ ആംബുലൻസ് അണുവിമുക്തമാക്കും. ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.
ടൂറിസം മേഖലയിലെ ഹോം സ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ചൈനയിൽ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി അവർക്ക് കൊറോണ വൈറസില്ലെന്ന് ഉറപ്പ് വരുത്തുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറാണ് ജില്ലയിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ കോർപറേഷന്റെയും മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനം പുരോഗമിക്കുന്നത്. ചൈനയിൽ നിന്നു വന്നവരിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റ് ആശുപത്രികളിൽ പോകാതെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൊറോണ ക്ലിനിക്കുകൾ

10 ഐസൊലേഷൻ റൂമുകളും ഐസൊലേഷൻ ഐ.സി.യുവും മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്

കെ.എച്ച്.ആർ.ഡബ്ല്യു.എസ് ഡീലക്സ് പേ വാർഡിന്റെ താഴത്തെ നിലയിലാണ് കൊറോണ വൈറസ് ക്ലിനിക്ക്

രോഗലക്ഷണം ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷൻ വാർഡിൽ ചികിത്സിക്കും

ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും.

ജനറൽ ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേ വാർഡിലെ ഒരു നില പൂർണായും കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനായി സജ്ജമാക്കിയിട്ടുണ്ട്

14 ഐസൊലേഷൻ സജ്ജീകരണങ്ങളുള്ള മുറികളുമുണ്ട്

ഈ നമ്പരുകളിൽ ബന്ധപ്പെടാം

ജില്ലയിൽ സംശയമോ ആശുപത്രി സേവനമോ വേണ്ടവർക്ക് മെഡിക്കൽ കോളേജ് നോഡൽ മെഡിക്കൽ ഓഫീസറായ ഡോ.അരവിന്ദ് 9447834808, ജനറൽ ആശുപത്രി നോഡൽ മെഡിക്കൽ ഓഫീസർ ഡോ.പി.ബി. മീനാകുമാരി 9446705590 എന്നിവരെ ബന്ധപ്പെടാം.