തിരുവനന്തപുരം: പരിസ്ഥിതി ദുർബല പ്രദേശമായി ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശമുള്ള ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറയിൽ ഖനനം നടത്താൻ നൽകിയ എൻ.ഒ.സി ജില്ലാ കളക്ടർ റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റ് എ. റഹീമിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ എൻ.ഒ.സി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 50 സെന്റിൽ കൂടുതലുള്ള റവന്യൂ ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകണമെങ്കിൽ മന്ത്രിസഭയുടെ അനുവാദം വേണമെന്ന നിയമം മറികടന്ന് പത്തനാപുരം സ്വദേശി മുഹമ്മദ് ഷെരീഫിന് പാറ ഖനനം ചെയ്യാനായി 10 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകിയ ഉത്തരവാണ് താത്കാലികമായി ജില്ലാ കളക്ടർ റദ്ദാക്കിയത്. ഉഴമലയ്ക്കൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 50ൽ 399/1, 399/2 എന്നീ സർവേ നമ്പറുകളിലുള്ള 5.71 ഹെക്ടർ സ്ഥലത്തെ പാറയാണ് ഖനനം ചെയ്യാനായി 2018 മേയ് 15ലെ ഉത്തരവിലൂടെ അന്നത്തെ ജില്ലാ കളക്ടർ അനുവദിച്ചിരുന്നത്. ഉഴമലയ്ക്കൽ വില്ലേജ് ഓഫീസറും നെടുമങ്ങാട് തഹസീൽദാറും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. എൻ.ഒ.സി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, വൈസ് പ്രസിഡന്റ് ബി.ബി. സുജാത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് പരാതി നൽകിയത്. ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ഇ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ താത്കാലികമായി എൻ.ഒ.സി റദ്ദാക്കിയത്. നേരത്തെ മുഹമ്മദ് ഷെരീഫ് എൻ.ഒ.സി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതുവരെയാണ് എൻ.ഒ.സി റദ്ദാക്കിയത്. നേരത്തെയുള്ള എൻ.ഒ.സി അനുസരിച്ച് യാതൊരു വിധ തുടർനടപടികൾ സ്വീകരിക്കരുതെന്ന് ജില്ലാ ജിയോളജിസ്റ്റിനും ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.