offset-plate

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഈ മാസം ഏഴിന് നിയമസഭയിൽ വയ്ക്കുന്ന ബഡ്ജറ്റ് രേഖകൾ അച്ചടിക്കാൻ തിരുവനന്തപുരത്തെ സർക്കാർ ഓഫ്‌സെറ്റ് പ്രസിൽ ഉപയോഗിക്കുന്ന പ്ലേറ്റുകൾ ഇല്ല. നാളെയാണ് അച്ചടി തുടങ്ങുന്നത്.ബഡ്ജറ്റ് രേഖകൾ അതീവ രഹസ്യമായതുകാരണം ഗവ. പ്രസിൽ മാമ്രേ അച്ചടിക്കാറുള്ളൂ. ഇതിനായുള്ള നടപടിക്രമങ്ങൾ തുടങ്ങിയപ്പോഴാണ് അച്ചടിക്ക് വേണ്ട 400 ഓളം പ്ലേറ്റുകളിൽ 300 എണ്ണമേയുള്ളൂ എന്ന് മനസിലായത്. ഇതോടെ പരക്കം പാച്ചിലായി. ഒടുവിൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി. ആപ്റ്റിന്റെ പ്രസിൽ നിന്ന് 100 പ്ലേറ്റ് കടമായി ഒപ്പിച്ചു.

സർക്കാർ പ്രസിൽ കൃത്യമായി വാർഷിക പർച്ചേസ് നടത്താത്തതിനാലാണ് പ്ലേറ്റിന്റെയും മറ്ര് അച്ചടി ഉപകരണങ്ങളുടെയും അഭാവമുണ്ടായതെന്നാണ് ജീവനക്കാർ പറയുന്നത്. ടെൻഡർ നടപടികളിലൂടെ മാത്രമേ ഗവ.പ്രസിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ കഴിയൂ. സി.ആപ്റ്റിനാകട്ടെ വിപണിയിൽ നിന്ന് നേരിട്ട് വാങ്ങാം.

സർക്കാരിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനങ്ങൾ പുറത്തിറങ്ങുന്നതിലും തടസം നേരിടുകയാണ്. ഇപ്പോൾ ഓൺലൈനായും തയ്യാറാക്കുന്നതിനാൽ അസാധാരണ ഗസറ്റ് വിജ്ഞാപനങ്ങളിൽ സൂപ്രണ്ടിന്റെ ഡിജിറ്റൽ ഒപ്പ് അനിവാര്യമാണ്. സൂപ്രണ്ട് വിരമിച്ചിട്ടും തൊട്ടു താഴെയുള്ള ആൾക്ക് ചുമതല നൽകുകയോ പുതിയ ആളെ നിശ്ചയിക്കുകയോ ചെയ്യാത്തതിനാലാണ് ഗസറ്റ് പ്രതിസന്ധിയിലായത്.